റിസർവേഷൻ സീറ്റിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ട്രെയിനില്‍ ടിടിഇയുടെ മൂക്കിടിച്ച് പൊട്ടിച്ച് യാത്രക്കാരൻ
കോഴിക്കോട്: ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആളാണ് മര്‍ദ്ദിച്ചത്. ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് വിക്രം കുമാര്‍ മീണ വ്യക്തമാക്കി. അക്രമിച്ചയാളുടെ കൈവശം ജനറല്‍ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
സ്ലീപ്പര്‍ കോച്ചില്‍ ജനറല്‍ ടിക്കറ്റുമായി ഇയാള്‍ കയറുകയായിരുന്നു. കോഴിക്കോടു നിന്നും ട്രെയിന്‍ പുറപ്പെട്ടശേഷമാണ് ഇയാളെ ടിടിഇയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിക്രം കുമാര്‍ പറഞ്ഞു.
തിരൂരിന് അടുത്തു വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു ടിടിഇക്കു നേരെ അക്രമം ഉണ്ടായത്. റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ് വിക്രം കുമാര്‍ മീണ ഇപ്പോള്‍. ടിടിഇയുടെ പരാതിയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി കോഴിക്കോട് റെയില്‍വേ പൊലീസ് കേസെടുത്തു.
ടിടിഇയെ ആക്രമിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശി സ്റ്റാൻലി ബോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു പ്രതി ടിടിഇയെ ആക്രമിച്ചതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. മര്‍ദനമേറ്റ് ചോരയൊലിച്ച് നില്‍ക്കുന്ന ടിടിഇയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.