കണ്ണൂരിലെ നഴ്സിന്റെ ആത്മഹത്യ; ഭർത്താവ് റിമാൻഡിൽ
അഞ്ചരക്കണ്ടി: നഴ്‌സ് ആയ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് റിമാൻഡിൽ. കാപ്പാട് പെരിങ്ങളായി സ്വദേശി ബസ് ഡ്രൈവർ വിപിനാണ് റിമാൻഡിലായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫ് വെൺമണൽ പേരിയിലെ എ. അശ്വനി (25) യാണ് ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. 16ന് വൈകീട്ട് മൂന്നിന് വെൺമണലിലെ വീട്ടിലെ കുളിമുറിയിലാണ് അശ്വനി ആത്മഹത്യക്ക് ശ്രമിച്ചത്.
തൂങ്ങിയ നിലയിൽ കണ്ട അശ്വനിയെ വീട്ടുകാർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മൂന്നുദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അശ്വനി ജൂലൈ 19ന് മരിച്ചു. അശ്വനിയെ മാനസികമായും ശാരിരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് തൂങ്ങിയതെന്നാരോപ്പിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
പിന്നീട് വിപിനെ അറസ്റ്റുചെയ്ത് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. ദിവസങ്ങളോളം ഒളിവിലായിരുന്ന വിപിനെ തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
രണ്ടുവർഷം മുൻപാണ് വിപിനുമായി അശ്വതി പ്രണയത്തിൽ ആവുകയും വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹിത ആവുകയും ചെയ്തത്. അശ്വതിക്ക് വന്ന ഫോൺ വിളിക്ക് ശേഷമാണ് കുളിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണ് അശ്വതിയുടെ മരണത്തിലേക്ക് നയിച്ചത് എന്നും ഇവർ ആരോപിക്കുന്നു. അശ്വതി ആശുപത്രിയിൽ ആയതിനുശേഷം വിപിൻ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.