ബഹിരാകാശയാത്രികർക്ക് ആവശ്യമായ പോഷകാഹാരത്തിനായി ഛിന്നഗ്രഹങ്ങളിലെ പാറകളും; പുതിയ നിർദേശവുമായി ശാസ്ത്രജ്ഞർ

 ബഹിരാകാശയാത്രികർക്ക് ആവശ്യമായ പോഷകാഹാരത്തിനായി ഛിന്നഗ്രഹങ്ങളിലെ പാറകളും; പുതിയ നിർദേശവുമായി ശാസ്ത്രജ്ഞർ

ബഹിരാകാശത്തേക്ക് യാത്രകൾ ഇപ്പോൾ പതിവായിരിക്കുകയാണ്. പലപ്പോഴും ഉദ്ദേശിച്ച സമയത്ത് തിരികെ എത്താനും കഴിയാകാറില്ല. സുനിത വില്യംസ് തന്നെ വെറും എട്ട് ദിവസം എന്ന് പറഞ്ഞ് പോയിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ടിരിക്കുന്നു. സാങ്കേതികമായ കാര്യങ്ങൾ കൊണ്ട് ഇതൊക്കെ സംഭവിക്കാറുണ്ട്. ദീര്‍ഘകാലത്തേക്ക് ബഹിരാകാശത്തേക്ക് പോകുന്ന യാത്രികര്‍ക്ക് ഭക്ഷണം കൊണ്ട് പോകുന്നത് വലിയ ഒരു കാര്യമാണ്. യാത്രികര്‍ക്ക് ബഹിരാകാശത്തേക്ക് കൊണ്ടുപോകാവുന്ന ഭക്ഷണത്തിന് പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ പുതിയ ഒരു നിർദേശം ആണ് ശാസ്ത്രജ്ഞർ മുന്നോട്ട് വച്ചിരിക്കുന്നത്.

ബഹിരാകാശയാത്രികര്‍ക്ക് പോഷകാഹാരത്തിനായി ഛിന്നഗ്രഹങ്ങളെ ഉപയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആസ്‌ട്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത്തരത്തിലൊന്ന് മുന്നോട്ടുവെച്ചിരിക്കുന്നത്. ശൂന്യാകാശത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളോളം വലിപ്പമില്ലാത്ത എന്നാല്‍ ഉല്‍ക്കകളേക്കാളും വലുതുമായ വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങള്‍ (ആസ്റ്ററോയിഡ്) എന്ന് വിളിക്കുന്നത്.

ബഹിരാകാശയാത്രികര്‍ ഛിന്നഗ്രഹങ്ങളിലെ പാറകളും മണ്ണും കഴിക്കണമെന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. മറിച്ച് ബഹിരാകാശത്തെ പാറകളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ തരത്തില്‍ കാര്‍ബണിനെ വേര്‍തിരിച്ചെടുക്കുക എന്നതാണ് നിര്‍ദേശം. ദീര്‍ഘകാലത്തെ ബഹിരാകാശ വാസത്തിന് ആവശ്യമായ ഭക്ഷണത്തിനായി വലിയ അളവില്‍ ഉണക്കി സൂക്ഷിച്ച ഭക്ഷണങ്ങള്‍ കൊണ്ടുപോവുന്നതിനുള്ള പരിമിതികളും ബഹിരാകാശത്ത് കൃഷി ചെയ്യുന്നതിലെ അപര്യാപ്തതകളും മറികടക്കാന്‍ ഈ ആശയത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.

സൂക്ഷ്മാണുക്കള്‍ പ്ലാസ്റ്റിക്കുകളില്‍ പ്രവര്‍ത്തിക്കുന്നതിന് സമാനമായാണ് ഛിന്നഗ്രഹങ്ങളിലും പ്രവര്‍ത്തിക്കുന്നതെന്നാണ് ഒണ്‍ടാരിയോയിലെ വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോഷ്വ പിയേഴ്‌സ് പറയുന്നത്. അതേസമയം പ്ലാസ്റ്റിക് വേസ്റ്റുകളെ ഭക്ഷ്യയോഗ്യമായ നിലയിലേക്ക് മാറ്റാമെന്ന് നേരത്തേ പഠനങ്ങളുണ്ടായിരുന്നു. മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പൈറോളിസിസ് എന്ന പ്രക്രിയ പ്രകാരമാണ് ഇത് നടക്കുന്നത്. ഇതനുസരിച്ച് പ്ലാസ്റ്റിക്കിനെ ഖര, വാതക, ദ്രാവക പദാര്‍ഥങ്ങളിലേക്ക് മാറ്റും. പിന്നാലെ ഇത് ബയോറിയാക്ടറില്‍ ബാക്ടീരിയകളുമായി പ്രവര്‍ത്തിച്ച് പോഷകസമൃദ്ധമായ ജൈവവസ്തുവായി മാറും.

നിരവധി പഠനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വിവിധ ഗവേഷകര്‍ നടത്തിയിട്ടുള്ളത്. സൂക്ഷ്മാണുക്കള്‍ ഉല്‍ക്കാപദാര്‍ഥങ്ങളില്‍ തഴച്ചുവരളുമെന്നും വിവിധ പഠനങ്ങളില്‍ പറയുന്നു. അത്തരത്തില്‍ സൂക്ഷ്മാണുക്കള്‍ വിഘടിപ്പിച്ച് ഉണ്ടാക്കുന്ന കാര്‍ബണ്‍ ഏകദേശം 600 വര്‍ഷങ്ങള്‍ യാത്രികര്‍ക്ക് ഉപയോഗിക്കാമെന്നും കണക്കുകൂട്ടുന്നു.

ഇത്തരത്തിലുള്ള പദാര്‍ഥങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്താന്‍ നിരവധി പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഇത് വലിയ വെല്ലുവിളിയും സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *