‘വണ്ടി കേടാകുമോ എന്ന പേടിയിൽ ഒരു ലോറിക്കാരും സമ്മതിച്ചില്ല, കാണുന്നത് പോലെ എളുപ്പമായിരുന്നില്ല’; ‘ആവേശ’ത്തിൽ ആവേശമാക്കിയ ലോറിയിലെ സ്വിമ്മിങ് പൂൾ പിറന്ന കഥ പറഞ്ഞ് അശ്വിനി കാളെ

 ‘വണ്ടി കേടാകുമോ എന്ന പേടിയിൽ ഒരു ലോറിക്കാരും സമ്മതിച്ചില്ല, കാണുന്നത് പോലെ എളുപ്പമായിരുന്നില്ല’; ‘ആവേശ’ത്തിൽ ആവേശമാക്കിയ ലോറിയിലെ സ്വിമ്മിങ് പൂൾ പിറന്ന കഥ പറഞ്ഞ് അശ്വിനി കാളെ

കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ സ്വീകരിച്ച ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം. സിനിമ കണ്ട പലരും എടുത്തുപറഞ്ഞ കാര്യമാണ് സിനിമയിലെ ആർട്ട് വർക്ക്. മയൂരി ബാറും രംഗന്റെ വീടും ബർത്ത്ഡേ പാർട്ടിയുടെ ആഘോഷവുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. ഇവയ്‌ക്കെല്ലാം പിന്നിൽ അശ്വിനി കാളെ എന്ന പ്രൊഡക്ഷൻ ഡിസൈനറാണ്. ഹൃദയത്തിന്റെയും പ്രൊഡക്ഷൻ ഡിസൈനർ ആയ അശ്വിനി നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയുടെ ജീവിത പങ്കാളിയാണ്.

സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു സംഗതി ആയിരുന്നു ബർത്ത് ഡേ സോങ്ങിലെ സ്വിമ്മിംഗ് പൂൾ. ഒരു ലോറിക്കുള്ളിൽ സിമ്മിംഗ് പൂൾ സെറ്റ് ചെയ്തു വെച്ചത് പല വ്യൂവേഴ്സും എടുത്തു പറഞ്ഞിരുന്നു വളരെ കഷ്ടപ്പെട്ടാണെന്ന് പ്രൊഡക്ഷൻ ഡിസൈനർ ആയ അശ്വിനെ കാളയെ പറയുന്നു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് ഒരു ലോറിക്കാരും ആദ്യം ഇതിന് സമ്മതിച്ചിരുന്നില്ല എന്നും ലോറിക്ക് ഒരു കേടുപാടും ഉണ്ടാകില്ലെന്ന് കാണിച്ചുകൊടുത്ത ശേഷമാണ് അവർ സമ്മതിച്ചതെന്ന് അശ്വിനി പറയുന്നു.

‘ആ സ്വിമ്മിങ് പൂള്‍ കാണുന്നത് പോലെ എളുപ്പമായിരുന്നില്ല ഉണ്ടാക്കാന്‍. ഒരുപാട് ലോറിക്കാരോട് ഞങ്ങള്‍ ആദ്യം ചോദിച്ചു. പക്ഷേ, വെള്ളം താഴേക്ക് ഇറങ്ങി വണ്ടി കേടാകുമോ എന്ന പേടി അവര്‍ക്ക് ഉണ്ടായിരുന്നു. അവര്‍ വിചാരിച്ചത് വെറുമൊരു ടാര്‍പ്പായ വിരിച്ചിട്ട് അതില്‍ വെള്ളം നിറക്കും എന്നായിരുന്നു. പക്ഷേ അങ്ങനെ ചെയ്താല്‍ വെള്ളം നില്‍ക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

അതിന് വേണ്ടി ഫൈബര്‍ കൊണ്ടുള്ള ഒരു മിക്‌സ് ഉണ്ടാക്കി ലോറിയുടെ ബാക്കില്‍ മൊത്തം തേച്ചിട്ട് അതിന്റെ മീതെ നീല പെയിന്റ് അടിച്ചിട്ടാണ് വെള്ളം നിറക്കാന്‍ തീരുമാനിച്ചത്. ഒരു ലോറിയില്‍ ഞങ്ങള്‍ അങ്ങനെ ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതിന്റെ ഓണര്‍ വന്നിട്ട് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ ആ മിക്‌സ് ഇളക്കി മാറ്റേണ്ടി വന്നു. അങ്ങനെയൊക്കെ കഷ്ടപ്പെട്ടിട്ടാണ് ആ സ്വിമ്മിങ് പൂള്‍ സെറ്റ് ചെയ്തത്,’ അശ്വിനി പറഞ്ഞു.

കഴിഞ്ഞ ദിവസം ആവേശം മോഡലിൽ കാറിനുള്ളി സ്വിമ്മിങ് പൂൾ സെറ്റ് ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിയ്ക്ക് എതിരെ എംവിഡി നടപടി എടുത്തിരുന്നു. വാഹനമോടിച്ച ആളുടേയും ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി മോട്ടർവാഹന വകുപ്പ്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തത്. വാഹനവും പിടിച്ചെടുത്തു. ടാറ്റ സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്‌ലോ‍ഡ് ചെയ്തോടെ അതിലെ നിയമലംഘനങ്ങൾ വലിയ ചർച്ചയായിരുന്നു.

വാഹനത്തിൽ വെള്ളം നിറച്ച് അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെ മറ്റുവാഹനങ്ങളുടേയും ആളുകളുടേയും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചു എന്ന് കാണിച്ചാണ് നടപടി. ടാറ്റ സഫാരിയുടെ പിൻ സീറ്റിൽ ടാർപോളിൻ വലിച്ചുകെട്ടി അതിൽ വെള്ളം നിറച്ചായിരുന്നു യൂട്യൂബറുടെ യാത്ര.

കാറിന്റെ മാത്രമല്ല കാറിലും പുറത്തുമുള്ളവരുടെ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തിലുള്ള ഈ പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയർന്നിരുന്നു. യുട്യൂബര്‍ക്കു പുറമേ മൂന്നു സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നാണ് കാര്‍ സ്വിമ്മിങ് പൂളാക്കി മാറ്റുന്നത്. ഡ്രൈവര്‍ ഒഴികെയുള്ളവര്‍ ഇരുന്നും കിടന്നുമൊക്കെയാണ് വിഡിയോ പുരോഗമിക്കുന്നത്. പൊതു നിരത്തിലൂടെ ഈ കാര്‍ സ്വിമ്മിങ് പൂളുമായി പോകുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. പകല്‍ സമയം ഗതാഗത തിരിക്കുള്ളപ്പോഴാണ് ഇവര്‍ സ്വിമ്മിങ്പൂള്‍ കാറുമായി പുറത്തിറങ്ങുന്നത്. വഴിയാത്രക്കാര്‍ പല തരത്തില്‍ കാറിനുള്ളിലേക്കു നോക്കുന്നതും കാണാം.

ഇതിനിടെ വെള്ളത്തിന്റെ മർദം കാരണം ഡ്രൈവര്‍ സീറ്റിന്റെ സൈഡ് എയര്‍ബാഗ് പുറത്തേക്കു വന്നിരുന്നു. തുടർന്ന് വാഹനത്തിന്റെ പുറകിലത്തെ ഡോർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി. യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്ത് റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

കാശിൻ്റെ അഹങ്കാരം കൊണ്ടാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യുന്നതെന്ന വിമർശങ്ങളോടാണ് സഞ്ജുവിൻ്റെ പ്രതികരണം. അതേസമയം മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിയിൽ സഞ്ജു പ്രതികരിച്ചിട്ടില്ല.

“കാശ് എനിക്ക് വഴിയിൽ കിടന്ന് കിട്ടിയതോ, മരത്തിൽ കുലുക്കിയപ്പോൾ വീണതോ അല്ല. ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ച് യൂട്യൂബിലൂടെ ഉണ്ടാക്കിയതാണ്. യൂട്യൂബ് എൻ്റെ പ്രൊഫഷനായി എടുത്ത് നാലുവർഷം കൊണ്ട് വീഡിയോസ് ഇട്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് കാറും വീടുമെല്ലാം. എൻ്റർടെയിനിങ് കണ്ടൻ്റാണ് ഞാൻ എടുക്കുന്നത്. എൻ്റർടെയിനിങ് ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. അത് ഞാൻ ചെയ്യും, എൻ്റെ ഇഷ്ടമാണ്”- സഞ്ജു ടെക്കി വീഡിയോയിൽ പറഞ്ഞു.

“എൻ്റെ കാശും വണ്ടിയും എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. വണ്ടി നശിപ്പിക്കുന്നുവെന്ന് ആണല്ലോ പറയുന്നത്, ഇൻ്റർനാഷണൽ വ്ലോഗർമാർ ചെയ്യുമ്പോൾ ആഹാ, നമ്മൾ ചെയ്താൽ ഓഹോ. കാർ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല അത് ചെയ്തത്”.

മറ്റ് വ്ലോഗർമാരുടെ വീഡിയോ കണ്ട് ഒരു പരീക്ഷണമെന്ന പോലെയാണ് വണ്ടിയിൽ പൂൾ ഒരുക്കിയത്. എല്ലാവിധ സുരക്ഷയും നോക്കിയാണ് ചെയ്തത്. 25 – 30 സ്പീഡിലാണ് വാഹനം ഓടിച്ചത്. യാത്രക്കിടെ വെള്ളം കവിഞ്ഞൊഴുകിയപ്പോഴാണ് എയർബാഗ് പൊട്ടിയത്. അത് പൊട്ടുമെന്ന് വിചാരിച്ചില്ല. വാഹനത്തിന് മറ്റ് കേടുപാടുകൾ ഉണ്ടാകാതിരിക്കാനാണ് റോഡിൽ വണ്ടി നിർത്തി വെള്ളം ഒഴുക്കിക്കളഞ്ഞത്. ഇതൊരു എൻ്റർടെയിനിങ് കണ്ടൻ്റായി കണ്ടാൽ മതിയെന്നും സഞ്ജു ടെക്കി അഞ്ച് ദിവസം മുൻപ് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

അതേസമയം സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. കാറുടമ സഞ്ജു ടെക്കി, ഡ്രൈവ‍ർ എന്നിവരുടെ ലൈസൻസ് ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒ റദ്ദാക്കി. ടാറ്റാ സഫാരി കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നാലുപേരും അമ്പലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒ ഹാജരാകാനും അധികൃത‍ർ നി‍ർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *