അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് ; വോട്ടെണ്ണൽ തുടങ്ങി

 അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് ; വോട്ടെണ്ണൽ തുടങ്ങി

ന്യൂഡൽഹി∙ അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും ഏപ്രില്‍ 19നായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണൽ പുരോഗമിക്കവേ അരുണാചലിൽ ബിജെപി 18 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. സിക്കിമിൽ എസ്കെഎം 3 സീറ്റുകളിൽ മുന്നേറുന്നു.

അരുണാചല്‍ പ്രദേശില്‍ അധികാരത്തിലുള്ള ബിജെപി തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്. 10 സീറ്റുകളില്‍ ഇതിനോടകം എതിരില്ലാതെ ബിജെപി സ്ഥാനാർഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്കെഎം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർഥികള്‍. 2019ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ്കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്.

Leave a Reply

Your email address will not be published. Required fields are marked *