ചമയങ്ങൾ അഴിക്കാതെ രോഗികളെ പരിശോധിച്ച് ഡോ. ഷൈനി ബി. ഹരിലാൽ
തൃപ്പൂണിത്തുറ: ഒരു ഡോക്ടറുടെ കർത്തവ്യ ബോധമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഷൈനി ബി. ഹരിലാൽ മോഹിനിയാട്ടത്തിന്റെ വേഷങ്ങൾ അഴിച്ചുവെക്കാതെ രോഗികളെ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. രോഗികളെ കണ്ടാൽ ഷൈനി ഡോക്ടർ മാത്രമാണെന്നും നർത്തകിയല്ലെന്നുമാണ് ഫോട്ടോ കാണുന്നവർ പറയുന്നത്.
കുമ്പളം ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറാണ് ഷൈനി ബി. ഹരിലാൽ. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ഡോക്ടർമാരുടെ സംസ്ഥാന പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിച്ച് വീട്ടിലേക്കു വന്നപ്പോഴാണു രോഗികൾ വീട്ടിൽ കാത്തു നിൽക്കുന്നത് കണ്ടത്. ചമയങ്ങൾ അഴിച്ചു വയ്ക്കാൻ ഒരു മണിക്കൂറെങ്കിലും സമയം പിടിക്കും. എന്നാൽ പിന്നെ രോഗികളെ പരിശോധിച്ച ശേഷമാകാം വസ്ത്രംമാറൽ എന്ന് നിശ്ചയിച്ച് മോഹിനിയാട്ട വേഷത്തിൽ തന്നെ രോഗികളെ പരിശോധിക്കുകയായിരുന്നു.
ഇതു കണ്ട ജൂനിയർ ഡോക്ടർ ഈ ദൃശ്യം ക്യാമറയിൽ പകർത്തുകയായിരുന്നു. 12 വർഷമായി ഷൈനി മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട്. ഇപ്പോൾ ആർഎൽവി ജോളി മാത്യുവിന്റെ കീഴിലാണ് പഠനം. ബൈബിൾ കഥകളും ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതയും മോഹിനിയാട്ട രൂപത്തിൽ വേദിയിൽ ഷൈനി അവതരിപ്പിച്ചിട്ടുണ്ട്.