എബിവിപി പ്രവർത്തകനായി തുടക്കം; പ്രാദേശികപത്രം നടത്തിവരവെ തല്ലുകൊണ്ടതോടെ പത്രവും പൂട്ടി; കല്പറ്റയിലെ സോമൻ കബനി ദളം കമാൻഡന്റ് ആയ കഥ
കല്പറ്റ: കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് സോമനെ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. പുലർച്ചെ മൂന്നരയ്ക്കുള്ള രാജ്യറാണി എക്സ്പ്രസിൽ നിലമ്പൂരിലേക്ക് പോകാനെത്തിയ സോമനെ ഷൊർണൂർ റയിൽവെസ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എബിവിപിക്കാരനായിരുന്ന സോമൻ മാവോയിസ്റ്റാകുന്നത് 2012ലാണ്. തൊട്ടതെല്ലാം പിഴച്ച് കടംകയറി നട്ടംതിരിഞ്ഞതോടെയാണ് സോമൻ വിപ്ലവം തലയ്ക്ക് പിടിച്ച് കാടുകയറിയത്.
കല്പറ്റ ചുഴലി സ്വദേശിയാണ് സോമൻ. മാവോയിസ്റ്റ് സംഘത്തിന്റെ കബനി ദളം കമാൻഡന്റ് ആയ ഇയാൾ കല്പറ്റ ഗവ. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കാംപസിൽ എ.ബി.വി.പി.യുടെ പ്രവർത്തകനായിരുന്നു. സാമ്പത്തികപ്രയാസങ്ങളെത്തുടർന്ന് പഠനം പൂർത്തിയാക്കാനായില്ല. പിന്നീട് പ്രാദേശികപത്രപ്രവർത്തകനായാണ് സോമൻ സജീവമാകുന്നത്. ‘യുവദർശനം’ എന്ന മാസിക തുടങ്ങിയെങ്കിലും എവിടെയുമെത്തിയില്ല. പിന്നീട് ആഴ്ചയിൽ ഞായറാഴ്ചമാത്രം പ്രസിദ്ധീകരിക്കുന്ന പത്രമിറക്കി. വാർത്ത എഴുതുന്നതും വിതരണംചെയ്യുന്നതും പത്രാധിപരും പത്രമുടമയുമെല്ലാം സോമൻതന്നെയായിരുന്നു. വാർത്തകളുടെ നിജസ്ഥിതിയെക്കുറിച്ച് പലകുറി ആക്ഷേപമുണ്ടായി. 2004-ൽ ഒരു വാർത്തയെച്ചൊല്ലിയുള്ള വാക്കേറ്റം കൈയാങ്കളിലേക്കുമെത്തി. ഇതോടെ ഞായറാഴ്ചപത്രവും പൂട്ടി. ഇതിനിടയിൽ ചിട്ടിക്കമ്പനികളിൽ കുറിക്കുചേർന്ന് പണം അടയ്ക്കാത്തതിനാൽ സാമ്പത്തികപ്രതിസന്ധിയിലായി.
അക്കാലത്താണ് വയനാട് കടക്കെണിയിലാവുന്നത്. ബാങ്കുകൾക്കെതിരേയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കെതിരേയും ബ്ലേഡ് വിരുദ്ധസമിതി എന്നപേരിൽ തുടങ്ങിയ സമരങ്ങളിൽ സോമനും പങ്കാളിയായി. ബത്തേരിയിലും താമരശ്ശേരിയിലും ചിട്ടിസ്ഥാപനം ആക്രമിച്ച കേസിൽ പ്രതിയുമായി. കണ്ണൂരിൽ കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഒട്ടിച്ചതിലും സോമൻ പ്രതിയായി. പിന്നീട് ജാമ്യത്തിലിറങ്ങിയ സോമൻ നാടുവിട്ടു.
ഏറെക്കാലം നാട്ടുകാർക്ക് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് നിലമ്പൂർ കേന്ദ്രീകരിച്ചുള്ള മാവോവാദികളിലൊരാളായി സോമനെ പോലീസ് സ്ഥിരീകരിക്കുന്നത്. 2015-ൽ അട്ടപ്പാടിയിൽ പോലീസിനുനേരേ നിറയൊഴിച്ചതിൽ സോമൻ ഒന്നാംപ്രതിയായി. നിലവിൽ യു.എ.പി.എ. ഉൾപ്പെടെ 76 കേസുകളാണ് സോമന്റെ പേരിലുള്ളത്. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് കേസുകൾ. 2015-ൽ അട്ടപ്പാടിയിൽ പോലീസിനുനേരേ നിറയൊഴിച്ചതിൽ സോമൻ ഒന്നാംപ്രതിയാണ്. അടുത്തിടെ വയനാട്ടിൽനടന്ന എല്ലാ മാവോവാദി ആക്‌ഷനുകളിലും മാവോവാദിസാന്നിധ്യം സ്ഥിരീകരിച്ചയിടങ്ങളിലും സോമനുണ്ടായിരുന്നു. ‘അക്ബർ’ എന്നൊരു വിളിപ്പേരുകൂടി സോമനുണ്ട്.
മാവോവാദിസേനയിൽ ചേർന്നതിനുശേഷം ആദ്യം നിലമ്പൂരും പിന്നീട് വയനാടുമായിരുന്നു പ്രധാനപ്രവർത്തനമേഖല. നിലവിൽ യു.എ.പി.എ. ഉൾപ്പെടെ 76 കേസുകളാണ് സോമന്റെ പേരിലുള്ളത്. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് കേസുകൾ. മാവോവാദിസേനയുടെ ദക്ഷിണമേഖലാ കമ്മിറ്റിയംഗവുമായിരുന്നു സോമൻ. മുൻപ് നാടുകാണിദളത്തിന്റെ കമാൻഡറായിരുന്നെങ്കിലും ദളം പിരിച്ചുവിട്ടതോടെ സി.പി. മൊയ്തീനുകീഴിൽ കബനീദളത്തിന്റെ ഭാഗമായി. സി.പി. മൊയ്തീനും മനോജിനും സന്തോഷിനുമൊപ്പം ജൂലായ് 17-നാണ് സോമനും കാടിറങ്ങുന്നത്. പിന്നീട് കോയമ്പത്തൂരിലായിരുന്നു ഒളിയിടം.
ദിവസങ്ങൾക്കുമുമ്പ് എറണാകുളത്ത് അറസ്റ്റിലായ മനോജിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എ.ടി.എസ്. സംഘം സോമനിലേക്കെത്തിയത്. മനോജ്, സോമനോടൊപ്പം ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. തിരഞ്ഞെടുപ്പുകാലത്ത് മാനന്തവാടിയിൽ തൊഴിലാളികളുടെ കേന്ദ്രത്തിൽ എത്തിയ സായുധസംഘത്തിൽ സോമനും ഉണ്ടായിരുന്നു.
ഷൊർണൂരിൽനിന്ന് ശനിയാഴ്ച രാത്രി 11.30-ഓടെയാണ് സോമൻ എ.ടി.എസിന്റെ (തീവ്രവാദവിരുദ്ധസേന) പിടിയിലാവുന്നത്. റെയിൽവേസ്റ്റേഷനിൽനിന്ന് പിടികൂടിയ ഇയാളെ ആദ്യം റെയിൽവേപോലീസ് സ്‌റ്റേഷനിലെത്തിച്ചു. പിന്നീട് ഷൊർണൂർ പോലീസിന്റെ സഹായത്തോടെ പാലക്കാട് എ.ആർ. ക്യാമ്പിലേക്ക് മാറ്റി. അട്ടപ്പാടിയിലെ നാല് കേസുകളിൽ സോമൻ ഉൾപ്പെട്ടിട്ടുള്ളതിനാൽ അഗളി ഡിവൈ.എസ്.പി. അശോകന്റെ സാന്നിധ്യത്തിൽ ചോദ്യംചെയ്യുകയാണ്. അട്ടപ്പാടിയിലെ കേസുകളിൽ അറസ്റ്റുചെയ്ത ശേഷം മറ്റ് സ്ഥലങ്ങളിലെ കേസുകളുടെ വിവരങ്ങൾകൂടി ശേഖരിച്ചായിരിക്കും തുടർനടപടി.