തിരഞ്ഞെടുപ്പ് ഗോദയിലേക്ക് തിരികെയെത്തി അരവിന്ദ്കെജ്‌രിവാള്‍; ഏകാധിപത്യത്തിനെതിരെ പോരാടും; റാലികളിലും പ്രചാരണപരിപാടികളിലും സജീവമാകും
ന്യൂഡല്‍ഹി: ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജാമ്യത്തിലിറങ്ങി. ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. തെക്കന്‍ ഡല്‍ഹിയിലാണ് ഇന്നത്തെ റോഡ് ഷോ. ഏകാധിപത്യത്തിന് എതിരെ ഒന്നിക്കാനാണ് അരവിന്ദ് കെജ്രിവാളിന്റെ ആഹ്വാനം. പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരേ രുക്ഷ വിമര്‍ശനം ഉയര്‍ത്തിയാകും പ്രചാരണം. ഉച്ചയ്ക്ക് കെജ്രിവാളിന്റെ വാര്‍ത്ത സമ്മേളനം നടക്കും.
ഇന്നത്തെ റാലിയെ വന്‍ സംഭവമാക്കി മാറ്റാനാണ് ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നത്. രാവിലെ ഡല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തിലും കെജ്‌രിവാള്‍ ദര്‍ശനം നടത്തും. കെജ്‌രിവാള്‍ വരവ് ഇന്‍ഡ്യ മുന്നണിക്കും നല്‍കിയിരിക്കുന്നത് വലിയ ഊര്‍ജമാണ്. ഡല്‍ഹിയിലെ ഏഴും ഹരിയാനയിലെ മുഴുവന്‍ സീറ്റുകളിലും വന്‍ വിജയമാണ് ഇന്‍ഡ്യ സഖ്യം പ്രതീക്ഷിക്കുന്നത്.
കെജ്‌രിവാളിന്റെ മടങ്ങി വരവില്‍ ബിജെപി പ്രതിരോധത്തിലാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരന്തരം പ്രതിഷേധവും വിമര്‍ശനവും ഉയര്‍ത്തുന്നതിന് ഇടയിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ജൂണ്‍ ഒന്നുവരെയാണ് ജാമ്യം നല്‍കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വിശദ വാദം നടന്ന കേസില്‍ ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതി അന്ന് നിലപാട് എടുത്തത്. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി.