ആദ്യം ചന്ദ്രനെ വലംവെച്ച മനുഷ്യരിലൊരാൾ; വില്യം ആൻഡേഴ്സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
മുൻ അപ്പോളോ 8 ബഹിരാകാശയാത്രികനായ റിട്ടയേർഡ് മേജർ ജനറൽ വില്യം ആൻഡേഴ്സ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. 90 വയസ്സായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ റിട്ടയേർഡ് എയർഫോഴ്സ് ലെഫ്റ്റനൻ്റ് കേണൽ ഗ്രെഗ് ആൻഡേഴ്സ് ആണ് വില്യം ആൻഡേഴ്സ് മരിച്ചെന്ന് സ്ഥിരീകരിച്ചത്. വില്യം ആൻഡേഴ്സ് തനിച്ച് സഞ്ചരിച്ചിരുന്ന വിമാനം വെള്ളിയാഴ്ച്ചയാണ് വാഷിംഗ്ടണിലെ സാൻ ജുവാൻ കടലിൽ തകർന്നുവീണത്.
വാഷിങ്ടണിലെ സാൻ ജുവാൻ ദ്വീപിൽ വെച്ചാണ് വിമാനം അപകടത്തിൽ പെട്ടത്. ദ്വീപിന്റെ തീരത്ത് വിമാനം വീഴുകയായിരുന്നുവെന്ന് സാൻ ജുവാൻ കൗണ്ടി പോലീസ് അറിയിച്ചു. ഒരു പഴയ മോഡൽ വിമാനത്തിലായിരുന്നു വില്യം യാത്ര ചെയ്തിരുന്നത്. മുങ്ങൽ വിദഗ്ദർ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.
1933 ഒക്ടോബർ 17 ന് ഹോങ് കോങിലാണ് വില്യം ആൻഡേഴ്സിന്റെ ജനനം. യുഎസ് നേവൽ അക്കാദമിയിൽ നിന്ന് 1955 ൽ ബിരുദം നേടിയതിന് ശേഷം യുഎസ് വ്യോമസേനയുടെ ഭാഗമായി. 1964 ലാണ് അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി നാസ തിരഞ്ഞെടുത്തത്. 1966 ലെ ജെമിനി 11 ദൗത്യത്തിൽ ബാക്ക് അപ്പ് പൈലറ്റ് ആയി പ്രവർത്തിച്ചു.
മനുഷ്യർ ആദ്യമായി ഭൂമിയുടെ ആകർഷണ വലയം കടന്ന് യാത്ര ചെയ്യുകയും ചന്ദ്രനെ ചുറ്റുന്ന ഭ്രമണ പഥത്തിൽ സഞ്ചരിക്കുകയും ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. വില്യമിനെ കൂടാതെ ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവെൽ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. ആറ് ദിവസം നീണ്ട ദൗത്യത്തിൽ ദൗത്യ സംഘം ചന്ദ്രനെ വലം വെച്ച് ഭൂമിയിൽ തിരിച്ചിറങ്ങി.
ചന്ദ്രന്റെ മറുവശം ആദ്യമായി കണ്ട മനുഷ്യരിൽ ഒരാൾ ആണ് വില്യം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്നുള്ള ഭൂമിയുടെ ചിത്രവും വില്യം പകർത്തി. ‘എർത്ത് റൈസ്’ എന്ന പേരിൽ പ്രശസ്തമാണ് ഈ ചിത്രം. 1968 ൽ ടൈം മാഗസിന്റെ ‘മെൻ ഓഫ് ദി ഇയർ’ പുരസ്കാരത്തിന് വില്യം ഉൾപ്പെടുന്ന അപ്പോളോ 8 ദൗത്യ സംഘം അർഹരായി. 1969 മുതൽ 1973 വരെ നാഷണൽ എയറോനോട്ടിക്സ് ആന്റ് സ്പേസ് കൗൺസിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു വില്യം ആൻഡേഴ്സ്. ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷന്റെ ആദ്യ ചെയർമാനും ആൻഡേഴ്സ് ആയിരുന്നു.