ജൂലൈ 12ന് മുംബൈയിൽ വിവാഹം, മൂന്നു ദിവസം നീളുന്ന വിവാഹ ആഘോഷങ്ങൾ; അനന്ത് അംബാനി- രാധിക വിവാഹത്തിന്റെ സേവ് ദ് ഡേറ്റ് ക്ഷണക്കത്ത് പുറത്ത്
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റ് വിവാഹത്തിന്റെ സേവ് ദ് ഡേറ്റ് ക്ഷണക്കത്താണ് ഇപ്പോൾ വൈറലാവുന്നത്. മുംബൈ ജിയോ കൺവൻഷൻ സെന്ററിൽ വച്ച് ജൂലൈ 12നാണ് വിവാഹം. മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് മുംബൈയിൽ നടക്കുന്നത്.
വിവാഹത്തിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ഉടൻ എത്തുമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. ചുവപ്പും ഗോൾഡും ട്രഡീഷണൽ ഷെയ്ഡിലുള്ളതാണ് സേവ് ദ് ഡേറ്റ് ക്ഷണക്കത്ത്. മൂന്ന് ദിവസത്തെ ആഘോഷങ്ങളുടെ വിശദാംശങ്ങൾ സേവ് ദ് ഡേറ്റ് ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗത വിവാഹ വസത്രങ്ങളാണ് ഡ്രസ്കോഡ്. ജൂലൈ 12നു നടക്കുന്ന ചടങ്ങുകൾ ‘ശുഭ് വിവാഹ്’ എന്നാണ് അറിയപ്പെടുന്നത്. ജൂലൈ 13ന് നവദമ്പതികൾ അതിഥികളുടെയും ബന്ധുക്കളുടെയും അനുഗ്രഹം തേടും. ഈ ദിനത്തിലെ ചടങ്ങുകൾ ‘ശുഭ് ആശിർവാദ്’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ഫോർമൽ ഡ്രസ്കോഡാണ്. ജൂലൈ 14നാണ് റിസപ്ഷൻ. ‘മംഗൾ ഉത്സവ്’ എന്ന പേരിലാണ് ഈ ദിവസത്തെ ചടങ്ങുകൾ. ‘ഇന്ത്യൻ ചിക്കാ’ണ് ഡ്രസ് കോഡ്.
ഇറ്റലിയിൽ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിൽ അംബാനിക്കല്യാണത്തിന്റെ രണ്ടാംഘട്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടക്കുകയാണ്. കപ്പൽ ജൂൺ–1ന് ഫ്രാൻസിലെത്തും. ബോളിവുഡിലെ പ്രമുഖതാരങ്ങളെല്ലാം ഈ കപ്പൽ യാത്രയുടെ ഭാഗമാകുന്നതായാണ് പുറത്തുവരുന്ന വിവരം. ലോകമെമ്പാടുമുള്ള മുന്നൂറോളം വിഐപി അതിഥികൾ കപ്പലിലുണ്ട്. വധൂവരന്മാരുടെയും അതിഥികളുടെയും സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നതിനാൽ കപ്പലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.