അമീബിക് മസ്തിഷ്ക ജ്വരം; വെൻറിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയില്ലെന്ന് ഡോക്ടർമാർ

 അമീബിക് മസ്തിഷ്ക ജ്വരം; വെൻറിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയില്ലെന്ന് ഡോക്ടർമാർ

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയില്ലെന്ന് ഡോക്ട൪മാ൪. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരനാണ് ചികിത്സയിൽ കഴിയുന്നത്. കുട്ടി മരുന്നുകളോട് പ്രതികരിക്കുണ്ടെങ്കിലും നില ഗുരുതരമായി തുടരുകയാണ്.

അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കുട്ടിയുടെ പിസിആർ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും.

എന്താണ് അമീബിക്ക് മസ്‌തിഷ്‌ക ജ്വരം

അമീബിക്ക് മസ്‌തിഷ്‌ക ജ്വരം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്‌തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോയാണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാവുകയും ചെയ്യുക.

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. വേനല്‍ കാലത്ത് വെള്ളത്തിന്‍റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി വെള്ളത്തിൽ കാണുകയും ചെയ്യുന്നത്. രോഗാണുബാധ ഉണ്ടായാൽ ആദ്യ ദിവസം മുതൽ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാകും രോഗലക്ഷണങ്ങള്‍ ഉണ്ടാകുക.

എങ്ങനെ കണ്ടെത്താം, ചികിത്സ എങ്ങനെ

നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗനിര്‍ണയം നടത്തുന്നത്. പിന്നീട് പിസിആര്‍ പരിശോധനയിലൂടെയാകും രോഗം സ്ഥിരീകരിക്കുക. ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് അമീബയ്‌ക്കെതിരെയുള്ള ചികിത്സ.

രോഗം ഭേദമാക്കാന്‍ എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങണം. രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കി തുടങ്ങണം. ചികിത്സ വേഗത്തിൽ ലഭ്യമാക്കിയാൽ മാത്രമേ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കു.

ലക്ഷണങ്ങൾ എന്തെല്ലാം

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് രോഗം ഗുരുതരമായാൽ അപസ്‌മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *