‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം’; ആസിഫ് അലിയ്ക്കൊപ്പമെന്ന നിലപാടറിയിച്ച് ‘അമ്മ’
കൊച്ചി: സംഗീത സംവിധായകൻ രമേശ് നാരായണ്‍ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് മലയാള സിനിമാഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. താരത്തിന് പൂർണ പിന്തുണയുമായിട്ടാണ് സംഘടനാ രംഗത്ത് എത്തിയത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടനയുടെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. രമേശ് നാരായണന്റെ പ്രവർത്തി വൻ വിവാദമായതിനു പിന്നാലെയാണ് സംഘടനയും ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ രമേശിന്റെ വിമർശിച്ചും ആസിഫ് അലിയെ പുകഴ്ത്തിയും പലരും രംഗത്ത് എത്തിയിരുന്നു.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽ ആയിരുന്നു നാടകീയ സംഭവം ഉണ്ടായത്. രമേശ് നാരായണന് പുരസ്കാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ ജയരാജിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. ആസിഫ് അലി പുരസ്കാരം നൽകാൻ എത്തിയപ്പോൾ തന്നെ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായണൻ പിന്നീടാണ് താരത്തെ അപമാനിക്കും വിധം പെരുമാറിയത്. ട്രെയിലർ ലോഞ്ചിനെത്തിയ മുഴുവൻ അതിഥികളും നോക്കിനിൽക്കെയായിരുന്നു രമേശ് നാരായണന്റെ ഈ പെരുമാറ്റം. സംഗീത സംവിധായകന്റെ ഈ പ്രവർത്തി വലിയ വിമർശനമാണ് വരുത്തി വയ്ക്കുന്നത്.
പുരസ്ക്കാരം നൽകാനായി എത്തിയ ആസിഫ് അലിയെ സംഗീത സംവിധായകന് രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സിനിമ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാദ്ധ്വാനത്തിലൂടെ ഒന്നരപ്പതിറ്റാണ്ടായി നിലനില്‍ക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതെയാകില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാത്രമല്ല, ഇത്തരമൊരു സംഭവം ഉണ്ടായിട്ടും വേദിയില്‍ പ്രതികരിക്കാതിരുന്നവരെയും രാഹുൽ പരിഹസിച്ചു. ഒരു മനുഷ്യൻ പരസ്യമായി അപമാനിക്കപ്പെട്ടിട്ടും ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെ ആ അല്പത്തരത്തെ ആസ്വദിച്ച ആ കൂട്ടത്തിലുണ്ടായിരുന്നവർ സരോജിനെ പ്രോത്സാഹിപ്പിച്ച പച്ചാളം ഭാസിക്കൊരു വെല്ലുവിളിയാണെന്നായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ പരിഹാസം.