അണ്ണാമലയെ പരസ്യമായി വിമർശിച്ചതിൽ അതൃപ്തി; തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്ത് അമിത് ഷാ

വിജയവാഡ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയെ വിമർശിച്ച പുതുച്ചേരി ഗവർണർ തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്ത് അമിത് ഷാ. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വേദിയിൽ വച്ചായിരുന്നു അമിത്ഷാ തമിഴിസൈ സൗന്ദർരാജനെ താക്കീത് ചെയ്തത്.
വേദിയിൽ അമിത്ഷായും വെങ്കയ്യനായിഡുവും സംസാരിച്ച് കൊണ്ടിരിക്കെ ഇവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് തമിഴിസൈ അടുത്തെത്തിയത്. കൈകൂപ്പി അമിത് ഷായെ അഭിവാദനം ചെയ് തമിഴിസല പിന്നീട് തൊട്ടടുത്തിരുന്ന ജെപി നദ്ദയെയും നിതിൻ ഗഡ്കരിയെയും അഭിവാദ്യം ചെയ്തു. ഈ സമയത്താണ് അമിത് ഷാ തമിഴിസൈയെ അടുത്തേക്ക് വിളിച്ചത്. വിരൽ ചൂണ്ടിക്കൊണ്ടായിരുന്നു അമിത് ഷായുടെ സംസാരം. ശകാരിക്കുന്നതാണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ മുൻ സംസ്ഥാന അധ്യക്ഷയായ തമിഴിസൈ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത്ഷാ തമിഴിസൈയെ ശാസിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിൽ ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് നാലാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിൽ എത്തുന്നത്. രാവിലെ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിന് സമീപം കേസരപ്പള്ളി ഐടി പാർക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 175 അംഗ നിയമ സഭയിൽ ടിഡിപിക്ക് 135, ജനസേനക്ക് 21, ബിജെപിക്ക് എട്ടും അംഗങ്ങളാണ് ഉള്ളത്.