കൊല്ലാട് നോക്കെത്താ ദൂരം വരെ ആമ്പല്‍ പൂക്കള്‍; പിങ്ക് വസന്തം കാണാൻ സഞ്ചാരികളുടെ തിരക്ക്

 കൊല്ലാട് നോക്കെത്താ ദൂരം വരെ ആമ്പല്‍ പൂക്കള്‍; പിങ്ക് വസന്തം കാണാൻ സഞ്ചാരികളുടെ തിരക്ക്

കൊല്ലാട്: കണ്ണിന് വർണ്ണ കാഴ്ചയൊരുക്കി കൊല്ലാട് കിഴക്കുപുറം ഗ്രാമത്തിലെ പാടശേഖരത്തിൽ ആമ്പൽപ്പൂ ശേഖരം. 200 ഏക്കറിലധികം വരുന്ന പാടത്ത് പൂക്കൾ വിരിഞ്ഞതോടെ മനോഹര വിരുന്നാനാണ് സഞ്ചാരികൾക്ക് പാടം സമ്മാനിച്ചത്. കോട്ടയം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലാണ് ഈ പിങ്ക് വസന്തം.

കൃഷി കഴിഞ്ഞ് ഏപ്രിലിൽ ഇവിടുത്തെ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയിരുന്നു. മേയ് – ജൂൺ മാസങ്ങളിൽ ആമ്പൽ കിളിർത്ത് ജൂലൈയിൽ പൂക്കളായി. ആഗസ്റ്റ് വരെ ഇവിടെ എത്തുന്നവർക്കു പൂക്കൾ കാണാം. രാത്രിയിൽ വിരിഞ്ഞു രാവിലെ കൂമ്പുന്ന പൂക്കളുടെ അതിമനോഹര കാഴ്ച കാണാൻ അതിരാവിലെ തന്നെ എത്താൻ സഞ്ചാരികൾ ശ്രദ്ധിക്കണം. രാവിലെ 6 മുതൽ 9 വരെ ആമ്പൽകാഴ്ചകൾ കാണാം.

കോട്ടയം ജില്ലക്കാര്‍ക്ക് കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ് കൊല്ലാട് കിഴക്കുപുറം വയലുകളില്‍ ആമ്പല്‍ പൂക്കള്‍. ഏക്കര്‍ കണക്കിന് പാടങ്ങളിലായാണ് സുന്ദരകാഴ്ചകളൊരുക്കി പൂക്കള്‍ പടര്‍ന്നു കിടക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് മഴവെള്ളം നിറഞ്ഞിരുന്ന ഈ വയലുകളിലെ ഇന്നത്തെ കാഴ്ച ഇതാണ്. നോക്കെത്താ ദൂരം വരെ ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍കുന്നു. പാടങ്ങളില്‍ കൃഷി പുനരാരംഭിക്കുന്നതോടെ ആമ്പല്‍ പൂക്കള്‍ ഇല്ലാതാകുമെങ്കിലും ഇവിടുത്തെ പ്രകൃതി ഭംഗിക്ക് ഒരു കുറവും വരില്ല. അമ്പാട്ട് കടവ്, മലരിക്കൽ എന്നിവിടങ്ങളിൽ ഇതുവരെ പൂക്കൾ വിരിഞ്ഞു തുടങ്ങിയിട്ടില്ല എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *