വെറും 26 വയസേയുള്ളൂ; പക്ഷേ,ഈ സുന്ദരി ചില്ലറക്കാരിയല്ല
പ്രായം വെറും 26 വയസ്. ഇതുവരെ സഞ്ചരിച്ചത് ലോകത്തിലെ 195 രാജ്യങ്ങൾ. സ്വന്തം പേരിൽ എഴുതിചേർത്തത് രണ്ട് ലോക റെക്കോഡുകളും. അമേരിക്കൻ സ്വദേശിനിയായ അലക്‌സിസ് റോസ് ആൽഫോർഡ് എന്ന യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അമേരിക്കൻ സാഹസിക സഞ്ചാരിയും യൂട്യൂബറുമാണ് ഈ സുന്ദരി. പക്ഷേ സൗന്ദര്യ മത്സരത്തിലെ ലോക റെക്കോഡുകളൊന്നുമല്ല ഈ യുവതി സ്വന്തമാക്കിയത്.
ആറ് ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളിലൂടെ 200 ദിവസം കൊണ്ട് ഇലക്ട്രിക് കാറിൽ യാത്ര നടത്തിയതിന്റെ ലോക റെക്കോർഡാണ് അലക്‌സിസ് ഒടുവിൽ സ്വന്തമാക്കിയത്. ഈ യാത്രയിൽ പതിനെട്ട് മാസം കൊണ്ട് 30,000-ത്തിലധികം കിലോമീറ്ററാണ് യുവതി സഞ്ചരിച്ചത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് പ്രകാരം, ലോകത്തിലെ 195 രാജ്യങ്ങളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞയാളും അലക്‌സിസ് തന്നെ.
യു.കെ.യിൽനിന്നുള്ള ജെയിംസ് ആസ്‌ക്വിത് എന്നയാളുടെ റെക്കോഡാണ് അവർ തിരുത്തിയത്. 24 വയസ്സുള്ളപ്പോഴാണ് ജെയിംസ് ആ നേട്ടംകുറിച്ചത്. എന്നാൽ, 21 വയസ്സും 277 ദിവസവുമായപ്പോൾ അലക്‌സിസ് ആ റെക്കോർഡ് മറികടന്നു. ഇപ്പോഴും യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാവാം അവരുടെ ഇൻസ്റ്റഗ്രാമിനിട്ട പേര് ലിമിറ്റ്‌ലെസ് ലെക്‌സി എന്നാണ്.
ലെക്‌സിയുടെ മാതാപിതാക്കൾക്ക് കാലിഫോർണിയയിൽ ഒരു ട്രാവൽ ഏജൻസിയുണ്ടായിരുന്നു. അതുകൊണ്ട് ചെറുപ്പംമുതലേ യാത്രകൾ ഈ പെൺകുട്ടിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ”ഓർമ വെക്കും മുമ്പുതന്നെ യാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. പലപ്പോഴും സ്‌കൂളിൽ പോലും പോയിട്ടില്ല. യാത്ര ചെയ്യുന്നതുകൊണ്ട് സ്വയം പഠിക്കുകയായിരുന്നു. പിന്നെ അച്ഛനും അമ്മയും സഹായിക്കും. ലോകത്തിലുള്ള എല്ലാ സംസ്‌കാരങ്ങളെയും ജീവിതങ്ങളെയും കുറിച്ച് അറിയണമെന്നുള്ള ആഗ്രഹം എന്നിൽ നിറച്ചത് മാതാപിതാക്കളാണ്”.
പതിനെട്ട് വയസ്സിനുമുമ്പ് തന്നെ മാതാപിതാക്കൾക്കൊപ്പം 72 രാജ്യങ്ങൾ സന്ദർശിച്ചു. അതിനുശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങി. തുടർച്ചയായി യാത്ര ചെയ്യുമ്പോൾ, അതിനുള്ള പണം കണ്ടെത്തുന്നതും ലെക്‌സി തന്നെ. യാത്രയ്ക്കിടയിൽ ഏത് സ്ഥലത്താണോ ഉള്ളത്, അവിടെയുള്ള കടകളിലും മറ്റും ചെറിയ ജോലികൾ ചെയ്യും. പലപ്പോഴും മാതാപിതാക്കളുടെ ട്രാവൽ ഏജൻസിയിൽ ട്രാവൽ കൺസൾട്ടന്റായി ജോലി ചെയ്തും പണമുണ്ടാക്കി. ”വലുതായാലും യാത്ര ചെയ്യണമെന്ന് ചെറുപ്പംമുതലേ മനസ്സിലുണ്ടായിരുന്നു. അതിനുള്ള പണം സ്വയം കണ്ടെത്തണമെന്നും ആഗ്രഹിച്ചു. അതുകൊണ്ട് കിട്ടുന്ന എല്ലാ ജോലിയും ചെയ്യുമായിരുന്നു. പോവുന്ന സ്ഥലത്തെ ചില ഹോട്ടലുകൾ താമസിക്കാനുള്ള സൗകര്യം തരും. പകരം അവർക്ക് കണ്ടന്റ് ഉണ്ടാക്കിക്കൊടുക്കാൻ പറയും. അവർക്കുവേണ്ടി ഫോട്ടോ എടുത്തുകൊടുക്കും, വ്‌ളോഗുകൾ തയ്യാറാക്കിനൽകും. അങ്ങനെയാണ് പലപ്പോഴും താമസത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. യാത്രയ്ക്കിടയിൽ സിം കാർഡും ഉപയോഗിക്കില്ല. പകരം വൈഫൈ കണക്ഷനിൽ ഫേസ്ബുക്ക് മെസഞ്ചറിലാണ് കോളുകളെല്ലാം. അങ്ങനെയും പണം ചുരുക്കാം. പിന്നെ ആദ്യമേ തന്നെ പോവുന്ന സ്ഥലത്തെക്കുറിച്ച് നന്നായി പഠിക്കും. അവിടുത്തെ ഏറ്റവും ചെലവ് കുറഞ്ഞ താമസസൗകര്യങ്ങളും മറ്റും അങ്ങനെ കണ്ടെത്തും”, അലക്‌സിസ് പറയുന്നു.