എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും; എൻ.സി.പിയിൽ മന്ത്രിമാറ്റം ഉടനില്ല, കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എൻ.സി.പിയിൽ മന്ത്രിമാറ്റം ഉടനില്ല. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച നീക്കും ഉടനില്ല. ഇതിനായി കാത്തിരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. അതോടെ എ.കെ. ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരും. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും. തോമസ് കെ. തോമസും ചർച്ചയിൽ പങ്കെടുത്തു.
എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാണ് എൻ.സി.പി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ നേരത്തെ അറിയിച്ചിരുന്നു. പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാന നേതൃത്വം.
മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനത്തിലേക്ക് എത്താനായിരുന്നു ധാരണ. എന്നാൽ കൂടിക്കാഴ്ച നീളുകയായിരുന്നു. തോമസ് കെ. തോമസിനെ മന്ത്രിസഭയിലെടുക്കുന്നതിൽ മുഖ്യമന്ത്രിക്ക് വലിയ താൽപര്യമില്ല. മന്ത്രിസ്ഥാനം പാർട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ മുഖ്യമന്ത്രിക്ക് അങ്ങിനെ നോ പറയാൻ ആകില്ലെന്നായിരുന്നു ചാക്കോയുടെ നിലപാട്. എന്നാല്‍, കാത്തിരിക്കാന്‍ മുഖ്യമന്ത്രി നിർദേശം നല്‍കിയ സ്ഥിതിക്ക് എ.കെ. ശശീന്ദ്രനെ മാറ്റുമോ എന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം.