ഇടതു മുന്നണിയില്‍ നിന്ന് പോകില്ല; മുസ്ലീം ലീഗ് പ്രവേശനം തള്ളി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: മുസ്ലീം ലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. ഇടതു മുന്നണിയില്‍ നിന്ന് പോകില്ലെന്നും മുസ്ലീം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ദേവര്‍കോവിലിനെ മുസ്ലീം ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. മുസ്ലീം ലീഗ് മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് കേന്ദ്രങ്ങളില്‍ നിന്നാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട ആളുകളാണ് വാര്‍ത്തക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കെ എം ഷാജിയുമായി അടുത്ത ബന്ധമില്ലെന്നും നാഗര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു. ലീഗ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ എം ഷാജി ചര്‍ച്ചക്ക് നേതൃത്വം നല്‍കിയെന്നായിരുന്നു പ്രചാരണം.