ആനകളത്ര ചില്ലറക്കാരല്ല, അവരും പരസ്പരം പേരു വിളിച്ച് അഭിസംബോധന ചെയ്യും; പുതിയ പഠനം ഇങ്ങനെ

 ആനകളത്ര ചില്ലറക്കാരല്ല, അവരും പരസ്പരം പേരു വിളിച്ച് അഭിസംബോധന ചെയ്യും; പുതിയ പഠനം ഇങ്ങനെ

ആനകൾ എന്നും മനുഷ്യരുടെ പ്രിയപ്പെട്ട മൃഗമാണ്. വളരെ പ്രത്യേകതയുള്ള ഒന്നാണ് ആനകൾ. ഇപ്പോഴിതാ ആനകളും പരസ്പരം അഭിസംബോധന ചെയ്യാന്‍ പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. മനുഷ്യന്‍ അന്യോന്യം പേര് വിളിക്കുന്നതിന് സമാനമായിട്ടാണ് ആഫ്രിക്കൻ ആനകളും ഇത്തരത്തിൽ പരസ്പരം അഭിസംബോധന ചെയ്യുന്നത്. പക്ഷെ ഡോള്‍ഫിനുകളും തത്തകളും ചെയ്യുന്നതുപോലെയുള്ള മിമിക്രിയല്ല എന്നും പഠനത്തിൽ പറയുന്നു. നേച്ചര്‍ എക്കോളജി ആന്‍ഡ് എവല്യൂഷന്‍ ജേണല്‍ പുറത്തുവിട്ട പഠനത്തിൽ ആണ് ഏറെ കൗതുകമുള്ള ഈ പഠനം ഉലപ്പെടുത്തിയിരിക്കുന്നത്.

1986-2022 കാലയളവില്‍ കെനിയയിലെ അംബോസെലി നാഷണല്‍ പാര്‍ക്കിലും സാംബുറു ആന്‍ഡ് ബഫല്ലോ സ്പ്രിങ്‌സ് നാഷണല്‍ റിസര്‍വ്‌സിലുമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ജൂണ്‍ 10-ന് പുറത്തുവന്നത്. ആനകള്‍ക്ക് കൂട്ടത്തിലെ ഓരോ ആനയേയും പ്രത്യേകം തിരിച്ചറിയാൻ കഴിയുന്നതിനോടൊപ്പം തന്നെ അവയില്‍ ഓരോന്നിനെയും അഭിസംബോധന ചെയ്യുന്നതിന് പ്രത്യേകം ശബ്ദങ്ങളും ഉപയോഗിക്കും. ചെറിയ മുരൾച്ച പോലുള്ള ശബ്ദമാണ് ആനകള്‍ സാധാരണയായി പുറപ്പെടുവിക്കാറ്. എന്നാല്‍ ഇവയില്‍നിന്നും വ്യത്യസ്തമായിരിക്കും പരസ്പരം വിളിക്കാന്‍ ഇവ ഉപയോഗിക്കുന്ന ശബ്ദം

പേരു വിളിച്ചു മുരളുന്ന മൂന്ന് സന്ദർഭങ്ങളാണ് പൊതുവെ ആനകൾക്കിടിയിൽ ഉണ്ടാവുന്നതെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തൽ. കൂട്ടത്തില്‍നിന്ന് ദൂരെയായിപ്പോയ ആനയെ തിരിച്ചുവിളിക്കുന്നതിന് ഇവ പ്രത്യേകം പേരുവിളിക്കുന്നതുപോലുള്ള ശബ്ദം പുറപ്പെടുവിക്കാറുണ്ട്. തൊടാന്‍ പാകത്തിന് അടുത്തു പരിചയമുള്ള ആനയെ അഭിസംബോധന ചെയ്യുന്നതിനായും ചെറിയ മുരൾച്ചാ ശബ്ദം പുറപ്പെടുവിക്കും. കൂട്ടത്തിലെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹപ്രകടനമായും പ്രത്യേക ശബ്ദം ആനകൾ പുറപ്പെടുവിക്കാറുണ്ട്.

ആഫ്രിക്കന്‍ കാട്ടാനക്കൂട്ടങ്ങളിലെ പെണ്ണാനകളെയും കുട്ടിയാനകളെയുമാണ് പഠനസംഘം പ്രധാനമായും നിരീക്ഷിച്ചത്. ഇവയുടെ പരസ്പരമുള്ള വിളികള്‍ റെക്കോഡ് ചെയ്തു. അതില്‍ 469 വിളികള്‍ മെഷീന്‍ ലേണിങ് മോഡല്‍ ഉപയോഗിച്ച് വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലിലെത്തിയത്. പഠനത്തിനായി തിരഞ്ഞെടുത്ത മേഖലയിലെ ഓരോ ആനകളെയും ചെവിയുടെ ആകൃതിയിലെ ചെറിയ വ്യത്യാസത്തിലൂടെയാണ് പഠനസംഘം തിരിച്ചറിഞ്ഞിരുന്നത്. ഒരുകൂട്ടം ആനകളില്‍നിന്ന് തങ്ങള്‍ ഉദ്ദേശിക്കുന്ന ആനയെ പ്രത്യേകമായി വിളിക്കുന്നതിനാണ് ഇവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചിരുന്നത് എന്നത് അദ്ഭുതപ്പെടുത്തുന്ന വസ്തുതയായിരുന്നു എന്ന് സംഘത്തിലുള്ള ന്യൂയോര്‍ക്കിലെ കോണെല്‍ യൂണിവേഴ്‌സിറ്റിയിലെ ജന്തുസ്വഭാവ പഠിതാവായ മിക്കി പാര്‍ഡൊ പറയുന്നു.

‘നമ്മള്‍ ഒരാളെ പേര് വിളിക്കുന്നതിന് സമാനമായി അവ പരസ്പരം ഓരോ ആനകളെയും സംബോധന ചെയ്യുന്ന ശബ്ദം പുറപ്പെടുവിക്കുന്നു. ഒരാന ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ ആ ശബ്ദം തന്നെ ഉദ്ദേശിച്ചാണെന്ന് മറ്റൊരാനയ്ക്ക് മനസ്സിലാകുന്നു. ഓരോ ആനകളെയും വിളിക്കാന്‍ ഇത്തരത്തില്‍ വ്യത്യസ്തമായ ശബ്ദങ്ങളുണ്ട്. നമുക്ക് വ്യത്യസ്തമായ പേരുകള്‍ ഉള്ളതുപോലെ. ഡോള്‍ഫിനെ പോലെയോ തത്തകളെ പോലെയോ ശബ്ദങ്ങള്‍ അനുകരിക്കുകയല്ല, മറിച്ച് നമ്മള്‍ പേരുവിളിക്കുന്നതുപോലെ അവ ഓരോ ആനകള്‍ക്കും പ്രത്യേകം ശബ്ദങ്ങള്‍ നല്‍കിയിരിക്കുന്നു. ആ ശബ്ദം ഉപയോഗിച്ച് വിളിക്കുമ്പോള്‍ ആ ആന മാത്രമേ തിരിച്ചു പ്രതികരിക്കുകയുള്ളൂ. അദ്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു ഇത്,’ – മിക്കി പാര്‍ഡൊ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *