മീര ഇനി ശ്രീജുവിന് സ്വന്തം; നടി മീരനന്ദൻ വിവാഹിതയായി
നടി മീരാ നന്ദൻ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരൻ ശ്രീജു താരത്തിന് താലി ചാർത്തി. ലണ്ടനിൽ അക്കൗന്റാണ് ശ്രീജു. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു വിവാഹ ചടങ്ങുകൾ. ഇതിന്റെ ദൃശ്യങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങൾ മീര പങ്കുവെച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കൾ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു. കൊച്ചി എളമക്കര സ്വദേശിനിയാണ് മീര നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ നന്ദൻ.
2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, പോത്തൻ വാവ, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ്എമ്മിൽ ആർജെയാണ്. ഈ വർഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.