ഹീത്രു വിമാനത്താവള അധികൃതർ സഹായം നൽകിയില്ല; ലഗേജ് ലഭിച്ചത് 45 മണിക്കൂർ കഴിഞ്ഞ്; നടി അദിതി റാവു
ലണ്ടൻ: ഹീത്രു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ലഗേജ് ലഭിച്ചതെന്ന പരാതിയുമായി നടി അദിതി റാവു ഹൈദരി. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് 45 മണിക്കൂറിന് ശേഷം തനിക്ക് ലഗേജ് ലഭിച്ച വിവരം അദിതി അറിയിച്ചത്. ഹീത്രു വിമാനത്താവള അധികൃതർ സഹായം നൽകിയില്ലെന്നും അദിതി ആരോപിച്ചു.
ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ ലഗേജ് കിട്ടാൻ സഹായിച്ചതിന് ബ്രിട്ടീഷ് എയർവേയ്സ് ജീവനക്കാരോട് അദിതി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ സഹായിച്ച ബ്രിട്ടീഷ് എയർവേയ്സ് ജീവനക്കാരെ നേരിൽ കാണുമെന്നും അവർ പറഞ്ഞു.
ലഗേജ് ലഭിച്ചില്ലെന്ന് കാണിച്ച് അദിതി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. തനിക്ക് ലഗേജ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ശൂന്യമായ ബെൽറ്റിന്റെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അദിതിയുടെ പ്രതികരണം. രണ്ട് മണിക്കൂർ വിമാനത്താവളത്തിൽ കാത്തുനിന്നിട്ടും തനിക്ക് ലഗേജ് ലഭിച്ചില്ലെന്ന് അദിതി ആരോപിച്ചിരുന്നു.
അദിതിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് ദീർഘമായ ഒരു സന്ദേശമാണ് ഹീത്രു വിമാനത്താവള അധികൃതർ മറുപടിയായി നൽകിയത്. ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച വിമാനത്താവള അധികൃതർ ലഗേജിനായി വിമാനകമ്പനിയെ സമീപിക്കാനാണ് അദിതിയോട് പറഞ്ഞത്. തുടർന്ന് അവർ ബ്രിട്ടീഷ് എയർവേയ്സിനെ സമീപിക്കുകയും വിമാനകമ്പനി പ്രശ്നത്തിൽ ഇടപെടുകയുമായിരുന്നു.