‘അന്നാണ് എനിക്ക് മോശം സ്പര്‍ശം നേരിടേണ്ടി വന്നത്; സ്റ്റേജില്‍ നിന്ന് ഒറ്റ കരച്ചിലായിരുന്നു’; ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

 ‘അന്നാണ് എനിക്ക് മോശം സ്പര്‍ശം നേരിടേണ്ടി വന്നത്; സ്റ്റേജില്‍ നിന്ന് ഒറ്റ കരച്ചിലായിരുന്നു’; ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. റീച്ചാർ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. അതേ വർഷം പുറത്തിറങ്ങിയ ടോവിനോ ചിത്രം മായാനദിയിലും ഐശ്വര്യ നായികയായി എത്തി. പിന്നാലെ ഐശ്വര്യ ലക്ഷ്മിയുടെ തലവര തെളിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ നടിയെ തേടി കൈ നിറയെ ചിത്രങ്ങൾ എത്തി.

മായാനദിക്ക് ശേഷം വരത്തനിലൂടെയാണ് ഐശ്വര്യയെ പ്രേക്ഷകർ കണ്ടത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ നായകൻ. വിജയ് സൂപ്പറും പൗർണ്ണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ എന്നീ ചിത്രങ്ങളിലും ഐശ്വര്യ നായികയായി. വിശാൽ ചിത്രം ആക്ഷനിലൂടെയായിരുന്നു ഐശ്വര്യയുടെ തമിഴ് സിനിമാ രം​ഗത്തേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ വിശാലിന്റെ നായിക മീര എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. പിന്നീട് ധനുഷ് ചിത്രം ജ​ഗമേ തന്തിരത്തിലും ഐശ്വര്യ നായികയായി. അഭിനേത്രി, മോഡൽ എന്നതിന് പുറമെ ഡോക്ടർ കൂടിയാണ് ഐശ്വര്യ. ഇപ്പോഴിതാ വളരെ ചെറുപ്പത്തിലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെപ്പറ്റി പറയുകയാണ് നടി ഇപ്പോള്‍.

മഞ്ഞ നിറമുള്ള വസ്ത്രം ധരിക്കാറില്ലായിരുന്നു എന്നും ആ കളറിലുള്ള വസ്ത്രം ധരിച്ചപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നത് മോശപ്പെട്ട അനുഭവവുമായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. ചെറുപ്പത്തിലുണ്ടായ അനുഭവം പിന്നീടുള്ള ജീവിതത്തില്‍ വലിയൊരു ട്രോമയായി മാറി എന്നും എന്നാല്‍ അതിനെ മറികടന്നത് എങ്ങനെയാണെന്നുമാണ് നടിയിപ്പോള്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘മായാനദി കഴിഞ്ഞു വരത്തന്‍ എന്ന സിനിമ വന്നു. ആ ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടുന്നത്. അന്ന് കണ്‍ കട്ടാല ബ്രാന്‍ഡ് ഉടമകളുടെ ഒരു സമ്മാനം തേടി വന്നു. ഇളം മഞ്ഞ നിറമുള്ള ഓര്‍ഗന്‍സ് സാരിയില്‍ സില്‍വര്‍ എംബ്രോഡറിയുള്ളത്. സത്യത്തില്‍ മഞ്ഞ നിറമുള്ള വസ്ത്രം ഞാന്‍ ഇടാറില്ലായിരുന്നു. മഞ്ഞയോട് ഭീതിയും വെറുപ്പും ആയിരുന്നു.

ചെറുപ്പത്തില്‍ മഞ്ഞ നിറത്തില്‍ സ്‌ട്രോബെറിയുടെ ചിത്രങ്ങള്‍ ഉള്ള ഒരു സ്‌കേര്‍ട്ട് എനിക്ക് ഉണ്ടായിരുന്നു. ആ ഉടുപ്പണിഞ്ഞ സന്തോഷത്തോടെ പുറത്തുപോയ അന്നാണ് എനിക്ക് മോശം സ്പര്‍ശം നേരിടേണ്ടി വന്നത്. ആ ട്രോമയില്‍ നിന്ന് എന്റെ മനസ്സിനെ മോചിപ്പിക്കാനാണ് ദൂരെ നിന്നും ആ മഞ്ഞ സാരി തേടി വന്നതെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.

ആ സാരിയുടുത്ത് അവാര്‍ഡ് വാങ്ങിയതിനു ശേഷം സംസാരിക്കാനായി വിളിച്ചപ്പോള്‍ സ്റ്റേജില്‍ നിന്ന് ഒറ്റ കരച്ചിലായിരുന്നു. എന്നോ മനസ്സില്‍ കടന്നു പിടിച്ച അപമാനവും ഭീതിയും ആ നിമിഷത്തില്‍ അഴിഞ്ഞുവീണു പോയിട്ടുണ്ടാവും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയമുണ്ടായിട്ടില്ല’ എന്നാണ് ഐശ്വര്യ പറയുന്നത്.

സാരിയോട് ഇഷ്ടമുണ്ടെങ്കിലും സാരികള്‍ ധാരളമായി വാങ്ങിക്കൂട്ടാറില്ല. അലമാരയില്‍ സൂക്ഷിച്ചു വച്ചിട്ടുള്ളത് കൂടിയാല്‍ പത്ത് സാരിയാകും. സാരിയോട് ഇമോണല്‍ കണക്ട് തോന്നിയാലേ വാങ്ങുകയുള്ളുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *