റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: യുഎസിലെ ഫ്‌ളോറിഡയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇന്ത്യൻ യുവതി മരിച്ചു. തെലങ്കാന സ്വദേശിയായ 25 വയസുള്ള സൗമ്യയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ സൗമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
സൗമ്യ അപകടത്തിൽ പെട്ടുവെന്നും മരിച്ചതായും വീട്ടുകാർക്ക് വിവരം ലഭിക്കുകയായിരുന്നു. തെലങ്കാനയിലെ യാദാദ്രി ഭോംഗിർ ജില്ലയിലെ യാദഗരിപള്ളി സ്വദേശിനിയായ സൗമ്യ ഉപരിപഠനത്തിനാണ് യുഎസിലേക്ക് പോയത്. ഫ്‌ളോറിഡ അറ്റ്‌ലാൻ്റിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സൗമ്യ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
അതിനിടെയാണ് അപ്രതീക്ഷിതമായി അപകടത്തിൽ പെടുന്നത്. മകളുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബം. മകളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് മാതാപിതാക്കളായ കോട്ടേശ്വര റാവുവും ബാലാമണിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെലങ്കാന മന്ത്രി കൊമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി സൗമ്യയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. സൗമ്യയുടെ മൃതദേഹം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.