വിവാഹമല്ല ‘സർക്കസ്’; ആത്മാഭിമാനം’ ഉള്ളതുകൊണ്ട് ഞാൻ പോയില്ല; അംബാനി കല്യാണത്തെ പരിഹസിച്ച് ആലിയ കശ്യപ്
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങിനെ പരിഹസിച്ച് അനുരാഗ് കശ്യപിന്റെ മകളും ഇൻഫ്ലുവൻസറുമായ ആലിയ കശ്യപ് രംഗത്തെത്തി. അംബാനി കല്യാണം ‘സർക്കസ് ആണെന്ന് അവർ കുറ്റപ്പെടുത്തി. കൂടാതെ സെലിബ്രിറ്റികളെ ക്ഷണിച്ചിരിക്കുന്നത് പി.ആർ വർക്കിനു വേണ്ടിയാണെന്നും ആലിയ ആരോപിച്ചു.
ആത്മാഭിമാനം’ ഉള്ളതുകൊണ്ടാണ് അംബാനി കുടുംബം നടത്തുന്ന ആഡംബര കല്യാണത്തിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന് ആലിയ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെയാണ് ആലിയ അംബാനി കല്യാണത്തിനെതിരെയുള്ള പരമാർശവുമായി രംഗത്തെത്തിയത്. ‘ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ ഇല്ല എന്ന് പറഞ്ഞു,’ ആലിയ കുറിച്ചു.
ആഡംബര കല്യാണത്തിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചുവെങ്കിലും സമ്പന്നരുടെ ജീവിതരീതിയിൽ ആകർഷണം തോന്നിയിട്ടുണ്ടെന്നും അതിനാൽ വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും ചടങ്ങുകളുടെ ചിത്രങ്ങളും താൽപര്യത്തോടെ ശ്രദ്ധിക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കി. ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ ഗർബ നൈറ്റ്, ഹൽദി, സംഗീത് തുടങ്ങിയ ചടങ്ങുകളിൽ ബോളിവുഡ് താരങ്ങളാണ് പാട്ടും നൃത്തവുമായി നിറസാന്നിധ്യമായത്.
വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാൻ 83 കോടി രൂപയെറിഞ്ഞ് ഗായകൻ ജസ്റ്റിൻ ബീബറിനെ അംബാനി മുംബൈയിലെത്തിച്ചത് വലിയ വാർത്തയായിരുന്നു. മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടി റിയാന പ്രതിഫലമായി കൈപ്പറ്റി. ലോകോത്തര താരങ്ങൾക്കൊപ്പം ബോളിവുഡ് താരങ്ങൾക്കും തെന്നിന്ത്യൻ സിനിമാതാരങ്ങൾക്കും വിവാഹത്തിന് ക്ഷണമുണ്ട്. വിവാഹത്തോട് അനുബന്ധിച്ച് ഇതു വരെ പൂർത്തിയായ ചടങ്ങുകളിൽ ബിൽ ഗേറ്റ്സ്, മാർക്ക് സുക്കർബർഗ് ഉൾപ്പടെയുള്ള വമ്പൻമാർ പങ്കെടുത്തിരുന്നു.