മക്ഡൊണാൾഡ്സ് മുതൽ സ്റ്റാർബക്സ് വരെ; ആസ്വദിച്ച് കഴിക്കുന്ന പല വിഭവങ്ങളും അനാരോഗ്യകരമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഭക്ഷണത്തിൽ പുതുമ തേടാനും പലർക്കും ഇഷ്ടമാണ്. ഹോട്ടലുകളിൽ വിളമ്പുന്ന പല ഭക്ഷണങ്ങളിലും ആരോഗ്യത്തിന് ഹാനികരമായ പലപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇതൊക്കെ അറിയാമെങ്കിലും പിന്നെയും പിന്നെയും ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നത് മലയാളികളുടെ മാത്രമല്ല ലോകത്തിലെ എല്ലാ ആളുകളുടെയും ശീലം തന്നെയാണ്. അത്തരത്തിൽ പല ഹോട്ടൽ ശൃംഖലകളെയും ആശ്രയിക്കുന്നവരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനിലെ സ്ട്രീറ്റ് ടേക്ക് അവേകളിലും റെസ്റ്റോറൻ്റുകളിലും കോഫി ശൃംഖലകളിലും വിറ്റഴിക്കുന്ന ഭക്ഷണവിഭവങ്ങളിൽ 75 ശതമാനവും അനാരോഗ്യകരമാണെന്ന് പഠന റിപ്പോർട്ട്. സബ്വേ (Subway), പിസ്സ എക്സ്പ്രസ്(Pizza Express), മക്ഡൊണാൾഡ്സ് (McDonald’s), ഗ്രെഗ്സ് (Greggs), സ്റ്റാർബക്സ് (Starbucks), പ്രെറ്റ് എ മങ്കര്‍ (Pret a Manger) തുടങ്ങിയ ഏറ്റവും വലിയ 19 ‘ഔട്ട് ഓഫ് ഹോം’ ഔട്ട്ലെറ്റുകളിൽ വിറ്റഴിക്കപ്പെടുന്ന 10 ഇനങ്ങളുടെ ഗുണനിലവാരം ഞെട്ടിപ്പിക്കുന്നതാണെന്ന് പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിലെ പബ്ലിക് ഹെൽത്ത് ന്യൂട്രീഷ്യ ഡോ. മോണിക് ടാൻ്റെ നേതൃത്വത്തിലുള്ള പഠനമാണ് വീടിന് പുറത്തുള്ള ഭക്ഷണങ്ങളെക്കുറിച്ച് ഗുരുതരമായ മുന്നറിയിപ്പ് നൽകിയത്. 22 പേജുള്ള റിപ്പോർട്ട് ആരോഗ്യ-സാമൂഹിക വകുപ്പിന് കൈമാറി.
പിസ്സ ഹട്ടിൻ്റെ പെപ്പറോണി ഫെസ്റ്റ് പിസ്സ , ബർഗർ കിംഗിൻ്റെ മെംഫിസ് ബാർബിക്യു കിംഗ് ഡബിൾ, നന്ദോയുടെ ഗ്രിൽ ചെയ്ത ചിക്കനും ഹാലൂമി ചീസും അടങ്ങിയ ഫിനോ പിറ്റ, പ്രെറ്റ് എ മങ്കറിന്റെ ഹാലൂമി സ്റ്റൈൽ ഫ്രൈസ് അറ്റ് വെതേഴ്സ് പബ്ബുകളും ഹാമും ഗ്രീവ് ബാഗെറ്റുകള് എന്നിങ്ങനെ ഏറ്റവും അനാരോഗ്യകരമായ അഞ്ച് ഭക്ഷണവിഭവങ്ങൾ ഡോ ടാൻ ചൂണ്ടിക്കാട്ടി.
പഠനവിധേയമാക്കിയ 19 ഭക്ഷണ കമ്പനികളിൽ ഡൊമിനോസ്, പിസ്സ എക്സ്പ്രസ്, പ്രെറ്റ് എ മങ്കര്‍ എന്നീ മൂന്ന് സ്ഥാപനങ്ങൾ മാത്രമാണ് അവരുടെ ഉൽപ്പന്നങ്ങളുടെ പോഷക ഘടനയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തുന്നതെന്ന് ഗവേഷകർ കണ്ടെത്തി. പത്ത് സ്ഥാപനങ്ങൾ ചേരുവകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. 10 എണ്ണം ഭക്ഷണങ്ങളുടെ 100 ഗ്രാമിൽ നിന്നും ലഭിക്കുന്നത് എത്ര പോഷകാംശമാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും പഠനത്തിൽ കണ്ടെത്തി.
പിസ്സ, ബർഗറുകൾ, ചിക്കൻ വിഭവങ്ങൾ, ഫ്രൈകൾ, ബാഗെറ്റുകൾ തുടങ്ങിയ ജനപ്രിയ വിഭവങ്ങളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന അളവിൽ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര, കലോറി എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. പല ഭക്ഷണവിഭവങ്ങളും അർബുദം, ഹൃദ്രോഗം, ജീവന് ഭീഷണിയാവുന്ന മറ്റ് രോഗങ്ങൾക്കും കാരണമാകുന്ന തരത്തിൽ അപകടകരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.