‘ഹൃദയം വിങ്ങിയാണ് അദ്ദേഹം മടങ്ങിയത്’; മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി സുരേഷ് ഗോപി
കൽപ്പറ്റ: പ്രകൃതി താണ്ഡവമാടിയ വയനാട്ടിലെ ദുരിതത്തെ അതിജീവിച്ചവർക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. ഹൃദയം വിങ്ങിയാണ് അദ്ദേഹം മടങ്ങിയത് എന്നും വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത് എന്ന് സുരേഷ് ഗോപി പറയുന്നു. യോഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടുമെന്നും പറഞ്ഞതായും സുരേഷ് ഗോപി പറഞ്ഞു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ വയനാട് സന്ദര്‍ശിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പം നിര്‍ത്തിയത് കേന്ദ്രമന്ത്രിയും കേരളത്തിലെ ഏക ബിജെപി എംപിയുമായ സുരേഷ് ഗോപിയെ ആണ്. ഡല്‍ഹിയില്‍ നിന്നും ഇന്ന് വയനാടേക്ക് വിമാനത്തില്‍ തിരിക്കുന്നത് മുതല്‍ അദ്ദേഹം നിഴല്‍പോലെ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ട്. മോദി ചൂരല്‍മല നടന്നു കാണുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ഖാനും സുരേഷ് ഗോപിയും മാത്രമാണ് ഉണ്ടായിരുന്നത്.
കേരളത്തില്‍ കേന്ദ്രനേതൃത്വം സുരേഷ് ഗോപിക്ക് നല്‍കുന്ന പ്രാധാന്യം ഒന്നുകൂടി എടുത്തു കാണിക്കുന്നതായി മോദിയുടെ വയനാട് സന്ദര്‍ശനം. നടന്‍ ബിജെപിയില്‍ ചേര്‍ന്നത് മുതല്‍ കാര്യങ്ങള്‍ ചര്‍ച്ച നടത്തുന്നത് കേന്ദ്ര നേതൃത്വവുമായി നേരിട്ടാണ്. കേരള ബിജെപി നേതൃത്വം ഇത്തരം കാര്യങ്ങളില്‍ അതൃപ്തിയിലായിരുന്നെങ്കിലും അമിത് ഷായുമായും പ്രധാനമന്ത്രിയുമായും നിലനില്‍ക്കുന്ന അടുത്ത ബന്ധം കാരണം ഇവര്‍ നിശബ്ദത പാലിക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുഖ്യകാര്‍മികത്വം വഹിക്കാന്‍ പ്രധാനമന്ത്രി ഗുരുവായൂരില്‍ നേരിട്ട് വന്നതോടെ താരത്തിന് കേന്ദ്ര നേതൃത്വം നല്‍കുന്ന പ്രാധാന്യം വ്യക്തമാവുകയും ചെയ്തു. തൃശൂര്‍ ലോക്സഭാ സീറ്റില്‍ സുരേഷ് ഗോപി മത്സരിക്കുമ്പോള്‍ റോഡ് ഷോ വരെ മോദി നേരിട്ട് വന്നുനടത്തി. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ താരം കേരളത്തിലെ ആദ്യ ബിജെപി എംപിയായി മാറിയപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടലില്‍ പിഴവില്ലെന്നും വ്യക്തമായി.
കേന്ദ്രമന്ത്രിസഭാ രൂപീകരണവേളയില്‍ മന്ത്രിയാകാന്‍ സുരേഷ് ഗോപി മടിച്ചുനിന്നപ്പോള്‍ മോദിയും ഷായും നേരിട്ട് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും കേന്ദ്രസഹമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു. മോദിയാകട്ടെ വയനാട് സനര്‍ശനവേളയില്‍ ഡല്‍ഹിയില്‍ നിന്നും തന്നെ സ്വന്തം വിമാനത്തില്‍ ഒപ്പം കൂട്ടുകയും സന്ദര്‍ശനത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. കേരള ബിജെപി രാഷ്ട്രീയത്തില്‍ കേന്ദ്ര നേതൃത്വം സുരേഷ് ഗോപിക്ക് നല്‍കുന്ന പ്രാമുഖ്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് മോദിയുടെ വയനാട് സന്ദര്‍ശനം.