ട്രെയിനിൽ യാത്ര ചെയ്ത വൃദ്ധ ദമ്പതികളുടെ 14 പവൻ കവർന്നു; പ്രതിയായ തമിഴ്നാട് സ്വദേശി പിടിയിൽ
കൊല്ലം: ട്രെയിനിൽ സഞ്ചരിച്ച വയോധിക ദമ്പതിമാരുടെ പക്കല്‍ നിന്നും 14 പവന്‍ സ്വര്‍ണമടങ്ങിയ ബാഗ് മോഷ്ടിച്ചു. പാലരുവി എക്സ്പ്രസ്സില്‍ വച്ചാണ് മോഷണം നടന്നത്. സംഭവത്തില്‍ തമിഴ്നാട്ടുകാരനായ പ്രതി പിടിയില്‍. ചെങ്കോട്ട സ്വദേശി കണ്ണനാ (55)നാണ് പിടിയിലായത്. തെന്മലയില്‍നിന്ന് കഴിഞ്ഞദിവസം ഉച്ചക്ക് പുനലൂര്‍ റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്ക് പോകുന്ന തീവണ്ടിയില്‍ ഇക്കഴിഞ്ഞ രണ്ടാംതീയതി പുലര്‍ച്ചെയായിരുന്നു മോഷണം. തിരുനെല്‍വേലിക്കടുത്ത് ചേരമഹാന്‍ദേവി സ്റ്റേഷനില്‍നിന്ന് തീവണ്ടിയില്‍ കയറിയ ദമ്പതിമാര്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. യാത്രക്കിടെ ഉറങ്ങിപ്പോയ ഇവര്‍ തെന്മല പിന്നിടുമ്പോള്‍ ഉണര്‍ന്ന് പരിശോധിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പുനലൂരിലിറങ്ങി റെയില്‍വേ പോലീസില്‍ പരാതി നല്‍കി.
പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപവല്‍ക്കരിച്ച് അന്വേഷണം തുടങ്ങി. തീവണ്ടിയില്‍ യാത്രചെയ്തവരുമായി കൂടിക്കാഴ്ചയുള്‍പ്പടെ നടത്തിയാണ് പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് പ്രതിയെ കഴിഞ്ഞദിവസം തെന്മലയില്‍ നിന്നും പിടികൂടുകയായിരുന്നു. ബസിലും മറ്റും തുളസിത്തൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്നും ചെങ്കോട്ടയിലെ ഇയാളുടെ വീട്ടില്‍നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തെന്നും റെയില്‍വേ പോലീസ് അറിയിച്ചു.
പുനലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റോയ് എബ്രഹാം, എസ്.സി.പി.ഒമാരായ ചന്ദ്രബാബു, മനു, ദീപു, സി.പി.ഒ. അരുണ്‍ മോഹന്‍, ആര്‍.പി.എഫ്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ കുഞ്ഞുമോന്‍ എന്നിവരടങ്ങിയ സ്പെഷ്യല്‍ സ്‌ക്വാഡാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.