പ്രധാനമന്ത്രി നാളെ വയനാട്ടിൽ, ഒപ്പം സുരേഷ് ഗോപിയും; ദുരന്തമേഖലയിലേക്ക് ഹെലികോപ്റ്ററിൽ
മേപ്പാടി: പ്രകൃതി താണ്ഡവമാടിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തും. നാളെ രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിംഗും നടത്തും. അതിനാൽ നാളെ തിരച്ചില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമെന്നും വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.
ദുരന്ത ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മൂന്നു മണിക്കൂർ സന്ദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്ന് എസ്പിജി അറിയിച്ചിട്ടുണ്ട്. ബെയ്ലി പാലം വരെ പ്രധാനമന്ത്രി സന്ദർശിക്കും. കൂടാതെ ക്യാംപും കലക്ടറേറ്റും സന്ദർശിക്കും. ദുരന്തത്തെ എൽ 3 ക്യാറ്റഗറിയിൽ പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് തിരിച്ചു. ഗവർണറും മുഖ്യമന്ത്രിയും ചേർന്നാകും അദേഹത്തെ സ്വീകരിക്കുക. സന്ദർശനവേളയിൽ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമുണ്ടാകും .വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിലാണു വയനാട്ടിലേക്കു പോകുന്നത്. ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തി. ആവശ്യമെങ്കിൽ റോഡ് മാർഗം യാത്ര ചെയ്യാൻ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും ഇന്നലെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തിച്ചു.
ഇതുവരെ 226 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 133 പേരെ കാണാതായിട്ടുണ്ട്. ഇന്ന് നടത്തിയ ജനകീയ തിരച്ചിലിൽ നാലു മൃതദേഹം കണ്ടെത്തിയെന്നു വിവരമുണ്ട്. ഇത് ശരീരമാണോ ശരീര ഭാഗമാണോ എന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം പറയും. ദുരിത ബാധിതരെ ക്യാംപിൽ നിന്ന് മാറ്റിതാമസിപ്പിക്കാൻ 125 വാടക വീട് കണ്ടെത്തി. കേന്ദ്ര സംഘവുമായി ചർച്ച നടന്നു. അടിയന്തര പുനർനിർമനത്തിന് സഹായം തേടിയിട്ടുണ്ട്. മാലിന്യം നീക്കാനും കേന്ദ്രത്തോട് സഹായം തേടിയിട്ടുണ്ട്. വായ്പകൾക്കായി ധനകാര്യ സ്ഥാപനങ്ങൾ വിളിച്ച് സമ്മർദം സൃഷ്ടിക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വായ്പ ഇളവും ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.