വയനാട്ടിൽ നിന്ന് ഭൂമി കുലുക്കത്തിൻറെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി; വസ്തുതകൾ പരിശോധിച്ച് വരികയാണെന്നും വിശദീകരണം

 വയനാട്ടിൽ നിന്ന് ഭൂമി കുലുക്കത്തിൻറെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി; വസ്തുതകൾ പരിശോധിച്ച് വരികയാണെന്നും വിശദീകരണം

തിരുവനന്തപുരം: വയനാട്ടിൽ നിന്ന് ഭൂമി കുലുക്കത്തിൻറെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി (കെഎസ്‍ഡിഎംഎ). ഭൂമിക്കടിയിൽ നിന്നും വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടെന്ന് വയനാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ള നാട്ടുകാർ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതികരണം. ഇതുസംബന്ധിച്ച വസ്തുതകൾ പരിശോധിച്ച് വരികയാണെന്നും കെഎസ്‍ഡിഎംഎ വ്യക്തമാക്കുന്നു.

നിലവിൽ പ്രാഥമികമായി നടത്തിയ പരിശോധനയിൽ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. വിശദമായ പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് ഈ സംഭവം റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. ജനം പരിഭ്രാന്തിയിലാണ്. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. വയനാട്ടിലെ മറ്റിടങ്ങളിലും മുഴക്കം കേട്ടതായി പ്രദേശവാസികൾ പറയുന്നുണ്ട്.

നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാ‍ർ പലരും കരുതിയത്. എന്നാൽ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായും നാട്ടുകാർ പറയുന്നു.
വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ എന്നീ പഞ്ചായത്തുകളിലാണ് പ്രകമ്പനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *