മുണ്ടക്കൈ അങ്ങാടിക്ക് സമീപം മണ്ണിനടിയിൽ നിന്നും ദുർഗന്ധം; മണ്ണുമാറ്റി പരിശോധന
കല്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ജനകീയ തെരച്ചിൽ തുടരുന്നതിനിടെ ഭൂമിക്കടിയിൽ നിന്നും ദുർഗന്ധമുയർന്ന പ്രദേശത്ത് മണ്ണുമാറ്റി പരിശോധന നടത്തുന്നു. മുണ്ടക്കൈ അങ്ങാടിക്ക് സമീപത്തായാണ് രണ്ടു സ്ഥലങ്ങളിലായി ദുർഗന്ധമുയർന്നത്. ചെളി അടിഞ്ഞുകൂടിയ പ്രദേശമാണിത്. മണ്ണുമാറ്റൽ ദുഷ്കരമായ പ്രദേശമായതിനാൽ മണ്ണിമാന്തി യന്ത്രങ്ങൾ എത്തിക്കാനാണ് ശ്രമം.
അതേസമയം, വയനാട്ടിൽ എൻഡിആർഎഫ് തെരച്ചിൽ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എൻഡിആർഎഫ് മേധാവി പിയൂഷ് ആനന്ദ് ഐപിഎസ് അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ പ്രദേശവാസികളെ ഉൾപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദർശിക്കുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും. വൈകീട്ട് 3.30 ന് എസ്.കെ.എം.ജെ സ്കൂളിൽ സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും. നാല് മണിയോടെ ജില്ലയിൽ നിന്ന് മടങ്ങും.