ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഓഫീസർ ആവാം; പ്രവേശന ബ്രോഷർ പ്രസിദ്ധീകരിച്ചു

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ (എ.എഫ്.എം.എസ്.) മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായി ആംഡ് ഫോഴ്സസ് മെഡിക്കൽകോളേജ് (എ.എഫ്.എം.സി.) എം.ബി.ബി.എസ് അവസരമൊരുക്കുന്നു. 145 പേർക്കാണ് അവസരമുള്ളത്. 10 സീറ്റ് പട്ടികവിഭാഗക്കാർക്കും.
പ്രവേശനത്തിനുള്ള 2024-ലെ ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചു.
സീറ്റ്
മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അഫിലിയേഷൻ സ്ഥാപനത്തിനുണ്ട്. മൊത്തം 145 ഭാരതീയർക്കാണ് പ്രവേശനം. ഇതിൽ 30 സീറ്റ് പെൺകുട്ടികൾക്കാണ്. 115 സീറ്റ് ആൺകുട്ടികൾക്കും. 145 സീറ്റിൽ പരമാവധി 10 സീറ്റ് വ്യവസ്ഥകൾക്കുവിധേയമായി പട്ടികവിഭാഗക്കാർക്ക് അനുവദിക്കും.
യോഗ്യത
2024-ലെ നീറ്റ് യു.ജി.യിൽ യോഗ്യത നേടിയിരിക്കണം. അവിവാഹിതരായിരിക്കണം. കോഴ്സ് കാലയളവിൽ വിവാഹം കഴിക്കാൻ അനുവാദമില്ല. 2024 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയായിരിക്കണം. 24 വയസ്സിൽ താഴെയുമായിരിക്കണം (2001 ജനുവരി ഒന്നിനുമുൻപോ 2007 ഡിസംബർ 31-നുശേഷമോ ജനിച്ചവരായിരിക്കരുത്).
പ്ലസ് ടുതല യോഗ്യതാപരീക്ഷ/ബ്രോഷർ പ്രകാരമുള്ള പരീക്ഷകളിലൊന്ന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നീ വിഷയങ്ങൾ ഒരുമിച്ചെടുത്തുപഠിച്ച് ആദ്യ ചാൻസിൽ ജയിച്ചിരിക്കണം. ഇംഗ്ലീഷിനും ഈ മൂന്നു സയൻസ് വിഷയങ്ങളിലോരോന്നിനും 50 ശതമാനവും ഈ മൂന്നു സയൻസ് വിഷയങ്ങൾക്ക് മൊത്തത്തിൽ 60 ശതമാനവും മാർക്ക് നേടിയിരിക്കണം. 10-ാംക്ലാസ്തലത്തിൽ കണക്കിൽ ഒരുപരീക്ഷ ജയിച്ചിരിക്കണം. അംഗീകൃത യോഗ്യതാപരീക്ഷകളുടെ പട്ടിക എ.എഫ്.എം.സി. എം.ബി.ബി.എസ്. ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
രജിസ്ട്രേഷൻ
പ്രവേശനതാത്പര്യം മെഡിക്കൽകൗൺസലിങ് കമ്മിറ്റി (എം.സി.സി.) യു.ജി. 2024 ആദ്യറൗണ്ട് രജിസ്ട്രേഷൻ തുടങ്ങുമ്പോൾ mcc.nic.in വഴി രജിസ്റ്റർചെയ്ത് അറിയിക്കണം (എം.സി.സി. യു.ജി. 2024 കൗൺസലിങ് ആദ്യറൗണ്ട് രജിസ്ട്രേഷൻ ഓഗസ്റ്റ് 14-ന് തുടങ്ങും).ഇപ്രകാരം രജിസ്റ്റർചെയ്യുന്നവരുടെ പട്ടിക, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, എ.എഫ്.എം.സി.ക്ക് കൈമാറും.
ഈ പട്ടികയിൽനിന്ന് എ.എഫ്.എം.സി. ഏതാണ്ട് 1880 പേരെ (1490 ആൺകുട്ടികൾ, 390 പെൺകുട്ടികൾ) നീറ്റ് യു.ജി 2024 സ്കോർ അടിസ്ഥാനമാക്കി എ.എഫ്.എം.സി. നടത്തുന്ന പ്രവേശനത്തിന്റെ രണ്ടാംറൗണ്ടിലേക്ക് (സ്ക്രീനിങ്) ഷോർട്ട് ലിസ്റ്റ് ചെയ്യും (2023-ൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ കട്ട്-ഓഫ് മാർക്ക്: ആൺകുട്ടികൾ -622, പെൺകുട്ടികൾ -648. ഈ വർഷത്തേത് ഇതുപോലെ ആകണമെന്നില്ല).ഇവർക്കായി പുണെ എ.എഫ്.എം.സി.യിൽവെച്ച് സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടികയും സ്ക്രീനിങ് ടെസ്റ്റ് സമയക്രമവും www.afmcdg1d.gov.in | www.afmc.nic.in എന്നീ സൈറ്റുകളിൽ ലഭ്യമാക്കും.
മെറിറ്റ് പട്ടിക
ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് റീസണിങ് (ടിഒ.ഇ.എൽ.ആർ.), സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ് (പി.എ.ടി.), ഇൻറവ്യൂ എന്നിവയടങ്ങുന്നതാണ് സ്ക്രീനിങ് ടെസ്റ്റ്. മെഡിക്കൽ പരിശോധനയും ഉണ്ടാകും. ടി.ഒ.ഇ.എൽ.ആർ. 30 മിനിറ്റ് ദൈർഘ്യമുള്ള 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ശരിയുത്തരത്തിന് രണ്ടുമാർക്കുവീതം കിട്ടും. ഉത്തരംതെറ്റിയാൽ 0.5 മാർക്ക് വീതം നഷ്ടപ്പെടും. ഇൻറർവ്യൂവിന് 50 മാർക്ക് ഉണ്ടാകും.
ടി.ഒ.ഇ.എൽ.ആർ., നീറ്റ് യു.ജി. 2024, ഇന്റർവ്യൂ എന്നിവയുടെ മാർക്കുകൾകൂട്ടി പ്രവേശന മെറിറ്റ് പട്ടിക തയ്യാറാക്കും. പി.എ.ടി. ഒരു യോഗ്യതാപരീക്ഷ മാത്രമായിരിക്കും. അതിന്റെ മാർക്ക് റാങ്കിങ്ങിന് പരിഗണിക്കില്ല. അന്തിമ തിരഞ്ഞെടുപ്പ് മെഡിക്കൽ പരിശോധനയ്ക്കുശേഷമായിരിക്കും. വിശദാംശങ്ങൾ ബ്രോഷറിൽ ഉണ്ട്.
പ്രവേശനസമയത്ത് ബോണ്ട് നൽകണം
എം.ബി.ബി.എസ്. പ്രവേശനം നേടി ഏഴുദിവസംകഴിഞ്ഞ് കോഴ്സ് ഉപേക്ഷിച്ചാൽ നഷ്ടപരിഹാരമായി 67 ലക്ഷം രൂപ നൽകേണ്ടതുണ്ട്. പ്രവേശനസമയത്ത് ഇതിലേക്ക് രക്ഷാകർത്താവ് ബോണ്ട് നൽകണം.
കമ്മിഷൻഡ് റാങ്കോടെ നിയമനം
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ, കമ്മിഷൻഡ് റാങ്കോടെ (ആർമി/നേവി/എയർഫോഴ്സ്) ഡോക്ടറായി സേവനത്തിൽ പ്രവേശിക്കാൻ ബാധ്യസ്ഥരാണ്. മെറിറ്റ്, ചോയ്സ് എന്നിവയും ഒഴിവുകളും പരിഗണിച്ചായിരിക്കും നിയമനത്തിന്റെ സ്വഭാവം. സാധാരണഗതിയിൽ 50 ശതമാനം ഷോർട്ട് സർവീസ് കമ്മിഷനും ബാക്കി സ്ഥിരംകമ്മിഷനും ആയിരിക്കും.
ഷോർട്ട് സർവീസ് കമ്മിഷൻ ലഭിക്കുന്നവർ കുറഞ്ഞത് ഏഴുവർഷം സേവനമനുഷ്ഠിക്കണം. സ്ഥിരംകമ്മിഷൻ ലഭിച്ചാൽ സൂപ്പർആനുവേഷൻ പ്രായംവരെ സേവനമനുഷ്ഠിക്കണം.
ട്യൂഷൻഫീസില്ല
പ്രവേശനം ലഭിക്കുന്ന ഭാരതീയർക്ക് ട്യൂഷൻഫീസില്ല. മറ്റു ചില ഫീസുകളുണ്ട്. അവ ജോയിനിങ് ഇൻസ്ട്രക്ഷൻസിൽ നൽകിയിരിക്കും. ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഇവയും ഉൾപ്പെടും:
റേഷൻ, സബ്സിഡൈസ്ഡ് മെസിങ്
ഹോസ്റ്റൽ താമസസൗകര്യം
വെക്കേഷൻകാലത്ത് വീട്ടിലേക്കുപോകാൻ തേർഡ് എ.സി. വാറന്റ്
പ്രതിവർഷ ബുക്ക് ആൻഡ് എക്വിപ്മെന്റ് അലവൻസ് -6000 രൂപ
സ്റ്റേഷനറി അലവൻസ് -മാസം 210 രൂപ, വർഷത്തിൽ പരമാവധി 1680 രൂപ
ആദ്യവർഷം യൂണിഫോം അലവൻസ് -6000 രൂപ, തുടർന്നുള്ള വർഷങ്ങളിൽ മെയിന്റനൻസ് അലവൻസായി -1250 രൂപ
ഹെയർകട്ടിങ് അലവൻസ് -മാസം 210 രൂപ
വാഷിങ് അലവൻസ് -മാസം 840 രൂപ, ബ്രേക്ക് കാലയളവിൽ -315 രൂപ
ആർമി ഗ്രൂപ്പ് ഇൻഷുറൻസ് പ്രകാരമുള്ള ഇൻഷുറൻസ്/ഡിസെബിലിറ്റി ആനുകൂല്യം.