പൊതുമരാമത്ത് വകുപ്പിന്റെ ക്വാട്ടേഴ്‌സുകള്‍ ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ നല്‍കും; ക്വാട്ടേഴ്‌സുകളുടെ പട്ടിക തയാറാക്കുകയാണെന്നും മുഹമ്മദ് റിയാസ്
കൽപ്പറ്റ: വയനാട് ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സാധ്യമായ എല്ലാ ക്വാര്‍ഡേഴ്‌സുകളും ദുരന്തബാധിതര്‍ക്കായി നല്‍കുമെന്നും ക്വാട്ടേഴ്‌സുകളുടെ പട്ടിക തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വയനാട്ടില്‍ തിരച്ചില്‍ ഉടന്‍ നിര്‍ത്തില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കി നിര്‍ത്താതെയുള്ള തെരച്ചിലാണ് ഇതുവരെയും നടത്തിയതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാര്‍ കേന്ദ്രീകരിച്ചുമാണ് ഇന്ന് തെരച്ചില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സൈന്യം, വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ് എന്നിവരടങ്ങിയ സംഘങ്ങളെയാണ് ഇന്ന് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെയുള്ള ദുര്‍ഘടമായ മേഖലയിലേക്ക്, പ്രത്യേകിച്ചും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യമായി എത്തിപ്പെടാന്‍ കഴിയാതിരുന്ന സണ്‍റൈസ് വാലിയിലേക്ക് തെരച്ചില്‍ സംഘത്തെ ഹെലികോപ്റ്ററിലാണ് എത്തിക്കുന്നത്. പരിശോധിക്കാത്ത ഒരു പ്രദേശവും ഈ മേഖലയിലുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. തെരച്ചിലിനായി നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഭാഗത്തു നിന്ന് വലിയ സഹായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.