പൊറോട്ടയ്ക്ക് ഒപ്പം ഇനി ‘സൗജന്യ ഗ്രേവി’ കിട്ടില്ല; സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു

 പൊറോട്ടയ്ക്ക് ഒപ്പം ഇനി ‘സൗജന്യ ഗ്രേവി’ കിട്ടില്ല; സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു

കോട്ടയം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് വില വർദ്ധനവ് എന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. വിവിധ ഹോട്ടൽ അസോസിയേഷനുകളുടെ നിർദ്ദേശ പ്രകാരമാണ് വില വർദ്ധനവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. കാപ്പിയ്ക്കും, ചായയ്ക്കും ഉൾപ്പെടെയാണ് വില വർദ്ധിച്ചിരിക്കുന്നത്.

മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളിൽ ഉൾപ്പെടെ ഈ മാസം ഒന്ന് മുതൽ വില വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ പതിവായി നൽകുന്നതിൽ നിന്നും ഇരട്ടി തുക നൽകണം. സാധാരണ ഹോട്ടലുകളിൽ ചായയ്ക്ക് 10 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. എന്നാൽ ഇത് ഇപ്പോൾ 13 ആയി. 15 രൂപ വരെയാണ് ചില ഹോട്ടലുകളിൽ വാങ്ങുന്നത്. കാപ്പിയ്ക്ക് 20 രൂപവരെയാണ് വാങ്ങുന്നത്. പൊറോട്ട, ചപ്പാത്തി, അപ്പം, ഇഡലി, ദോശ എന്നിവയ്ക്ക് 13 രൂപ മുതലാണ് ഹോട്ടലുകൾ ഈടാക്കുന്നത്. പലഹാരങ്ങൾക്കൊപ്പം ഫ്രീ ആയി ലഭിച്ചിരുന്ന ഗ്രേവിയ്ക്ക് ഇനി മുതൽ പണം നൽകേണ്ട സാഹചര്യവും ഉണ്ട്. 20 രൂപയാണ് ഗ്രേവിയ്ക്ക് നൽകേണ്ടിവരുക.

30 രൂപവരെയുണ്ടായിരുന്ന മുട്ടക്കറി 40 രൂപയാക്കി. മസാലദോശയ്ക്ക് 80 രൂപ നിരക്കാണ് ഈടാക്കുന്നത്. ഊണിനും 80 ആക്കി. മീൻ വിഭവങ്ങളുടെയും ഇറച്ചി വിഭവങ്ങളുടെയും വിലയും ഉയർന്നിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഹോട്ടൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിക്കുന്നത്.

ജീവനക്കാർക്ക് ഉയർന്ന കൂലിയുൾപ്പെടെ നൽകണം. ഇതെല്ലാം കണക്കിലെടുത്താണ് ഭക്ഷണത്തിന്റെ വില വർദ്ധിപ്പിച്ചത് എന്നും ഹോട്ടൽ ഉടമകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *