പോലീസ് സേനയിൽ അംഗമായി 55 ബൊലേറോ, 2 ജിമ്നിയും ഉൾപ്പെടെ 117 വാഹനങ്ങൾ; ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

 പോലീസ് സേനയിൽ അംഗമായി 55 ബൊലേറോ, 2 ജിമ്നിയും ഉൾപ്പെടെ 117 വാഹനങ്ങൾ; ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകൾക്കും ബറ്റാലിയനുകൾക്കുമായി വാങ്ങിയ 117 വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനുകൾക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ, മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകൾക്കായി ഫോർവീൽ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്നി വാഹനങ്ങൾ, ജില്ലകൾക്കായി രണ്ടു മീഡിയം ബസ്സുകൾ, ബറ്റാലിയനുകൾക്കായി മൂന്നു ഹെവി ബസുകൾ എന്നിവയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഹോണ്ട യൂണികോൺ വിഭാഗത്തിൽപ്പെട്ട 30 ഇരുചക്രവാഹനങ്ങളും ബജാജ് പൾസർ 125 വിഭാഗത്തിൽപ്പെട്ട 25 ഇരുചക്ര വാഹനങ്ങളും ആണ് ഫ്ലാഗ് ഓഫ് ചെയ്തത്.

2023-24 സാമ്പത്തികവർഷത്തിൽ 151 വാഹനങ്ങൾ വാങ്ങുന്നതിനായി 1,203.63 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇവയിൽ 117 വാഹനങ്ങളാണ് പുറത്തിറക്കിയത്. തിരുവനന്തപുരത്ത് പേരൂർക്കട എസ്എപി ബറ്റാലിയനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മറ്റു മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

അതേസമയം, പരിശീലനം പൂര്‍ത്തിയാക്കിയ 333 പേര്‍ ഇന്ന് പൊലീസ് സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം പനവൂര്‍ സ്വദേശി എസ് അക്ഷയ് ആയിരുന്നു പരേഡ് കമാന്‍ഡര്‍. മുല്ലൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണന്‍ എല്‍. ആര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡര്‍ ആയി.

എസ് എ പി യില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ഇന്‍ഡോര്‍ കേഡറ്റായി എസ് പി ജയകൃഷ്ണനും മികച്ച ഔട്ട്ഡോര്‍ കേഡറ്റായി എം ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ്. സാജിര്‍ ആണ് മികച്ച ഷൂട്ടര്‍. വി കെ വിജേഷ് ആണ് ഓള്‍ റൗണ്ടര്‍. കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം നേടിയ ഏറ്റവും മികച്ച ഇന്‍ഡോര്‍ കേഡറ്റ് എം എം വിഷ്ണുവാണ്. എല്‍ ആര്‍ രാഹുല്‍ കൃഷ്ണന്‍ മികച്ച ഔട്ട്ഡോര്‍ കേഡറ്റും ഡോണ്‍ ബാബു മികച്ച ഷൂട്ടറുമായി. എം എസ് അരവിന്ദ് ആണ് ഓള്‍ റൗണ്ടര്‍.

എസ്.എ.പി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ബി.ടെക്ക് ബിരുദധാരികളായ 29 പേരും എം.ടെക്ക് ഉള്ള ഒരാളും ഉണ്ട്. 105 പേര്‍ക്ക് ബിരുദവും 13പേര്‍ക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്. കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 11 പേര്‍ എന്‍ജിനീയറിംഗ് ബിരുദധാരികളാണ്. ഡിഗ്രി യോഗ്യയതയുള്ള 85 പേരും എം.എസ്.ഡബ്ള്യുവും എം.ബി.എയും ഉള്‍പ്പെടെയുള്ള പി.ജി ബിരുദങ്ങള്‍ നേടിയ 24 പേരും ഈ ബാച്ചില്‍ ഉണ്ട്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പാസിംഗ് ഔട്ട് ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *