പരിക്ക് പാരയായി; ഇന്ത്യയുടെ ലക്ഷ്യ സെൻ ലക്ഷ്യം കണ്ടില്ല; ബാഡ്‌മിന്‍റണില്‍ മെഡല്‍ നഷ്‌ടം
പാരിസ്: പാരിസ് ഒളിംപിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്‌മിന്‍റണില്‍ ലക്ഷ്യ സെന്നിന് മെഡൽ നേടാനായില്ല. വെങ്കലപ്പോരിൽ മലേഷ്യയുടെ ലീ സീ ജായോട് പൊരുതി തോറ്റു. തുടക്കത്തിൽ നന്നായി കളിച്ചെങ്കിലും പിന്നീട് ലക്ഷ്യ സെന്നിന് വിജയം കൈവരിക്കാനായില്ല. സ്കോര്‍: 21-13, 16-21, 11-21.
വെങ്കല മെഡല്‍ പോരാട്ടത്തില്‍ യെ ആദ്യ ഗെയിമില്‍ മുട്ടുകുത്തിച്ചെങ്കിലും പരിക്ക് വലച്ചതിനെ തുടര്‍ന്ന് അടുത്ത രണ്ട് ഗെയിമുകളും കൈവിട്ട് ലക്ഷ്യ അടിയറവുപറയുകയായിരുന്നു. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പുരുഷ ബാഡ‌്‌മിന്‍റണ്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ലക്ഷ്യയുടെ മടക്കം.
ലീ സീ ജായ്ക്കെതിരെ 8-4, 11-5 എന്നിങ്ങനെ തുടക്കത്തിലെ ലീഡുമായാണ് ലക്ഷ്യ സെന്‍ പോരാട്ടം തുടങ്ങിയത്. 21-13ന് അനായാസം ലക്ഷ്യ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി എട്ട് പോയിന്‍റുകളുമായി ലീ സീ ജാ ശക്തമായ വെല്ലുവിളി ഉയര്‍ത്തി. ഒടുവില്‍ ഗെയിം 16-21ന് ലീ സീ ജാ പിടിച്ചെടുത്തു. മൂന്നാം ഗെയിമിലേക്ക് എത്തിയപ്പോള്‍ പരിക്ക് ലക്ഷ്യ സെന്നിന് തിരിച്ചടിയായി. മൂന്നാം ഗെയിമില്‍ ലക്ഷ്യ സെന്‍ 11 പോയിന്‍റില്‍ ഒതുങ്ങിയപ്പോള്‍ അനായാസം ജയിച്ച് മലേഷ്യയുടെ ലീ സീ ജാ പുരുഷ സിംഗിള്‍സ് ബാഡ്‌മിന്‍റണ്‍ വെങ്കലം അണിയുകയായിരുന്നു. നേരത്തെ, സെമിയില്‍ ഡെന്മാര്‍ക്കിന്‍റെ വിക്ടർ അക്സൽസനോട് പൊരുതിത്തോറ്റാണ് ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങിയത്.