‘മുലപ്പാൽ ആവശ്യപ്പെട്ട് വിളിച്ചവർ ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ല; പിഞ്ച് കുഞ്ഞുങ്ങളുമായാണ് രാത്രിയിൽ ചുരം കയറിയത്’; ഒരു കുഞ്ഞിനെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുമെന്നും സജിൻ
വയനാട്: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയിൽ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക. നിരവധിപ്പേരുടെ ജീവനാണ് മുണ്ടക്കൈയിൽ പൊലിഞ്ഞത്. പ്രകൃതിക്ഷോഭങ്ങളും മറ്റും ഒരു ജനതയെ തകർക്കുമ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്ന മലയാളികളെ നമ്മൾ മുൻപും കണ്ടിട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി കുട്ടികളെ ദത്തെടുക്കാൻ സമ്മതമറിയിച്ചുകൊണ്ടും സാമ്പത്തിക സഹായവുമായും നിരവധിപേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഇടുക്കി ഉപ്പുതുറ സ്വദേശി സജിൻ പാറേക്കരയുടെ സന്ദേശവും.
അച്ഛനെയും അമ്മയെയും നഷ്‌ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ വിളിക്കണം. എന്റെ ഭാര്യ റെഡിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒരു ഫോൺകോൾ സജിനെ തേടിയെത്തി. തുടർന്ന് ഭാര്യ ഭാവനയ്‌ക്കും കുഞ്ഞ് മക്കൾക്കുമൊപ്പം പിക്കപ്പ് വാനിൽ വയനാട്ടിലേക്ക് യാത്ര തിരിച്ചു. എന്നാൽ, രാത്രിയോടെ സ്ഥലത്തെത്തി ആ നമ്പറിലേക്ക് പലതവണ വിളിച്ചെങ്കിലും ഇവർ കോൾ എടുത്തില്ലെന്ന് സജിൻ പറഞ്ഞു.
തുടർന്ന് വയനാട്ടിലെ ക്യാമ്പുകളിലേക്ക് പോയി അന്വേഷിച്ചു. അവിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലോളം അമ്മമാർ സുഖം പ്രാപിച്ചതിനാൽ അവർ തന്നെ കുട്ടികൾക്ക് മുലയൂട്ടാം എന്ന് പറഞ്ഞു. ക്യാമ്പിൽ കഴിയുന്നതിനാൽ, മുലപ്പാൽ സംഭരിച്ച് വയ്‌ക്കുക എന്നതും പ്രാവർത്തികമല്ല. പിന്നീട് വിംസ് ആശുപത്രിയിൽ ഒരു കുട്ടിയുണ്ട് എന്ന് ആരോഗ്യപ്രവർത്തകർ വഴി അറിയാൻ കഴിഞ്ഞു. ഈ കുഞ്ഞിന് മുലപ്പാൽ വേണമോ എന്ന് വൈകിട്ടോടെ അറിയാൻ കഴിയും. അതിനാൽ സജിനും കുടുംബവും ഇപ്പോഴും മേപ്പാടിയിൽ തന്നെയുണ്ട്. ഇത്രയും ദൂരം യാത്ര ചെയ്‌ത് വന്ന് എല്ലാ ക്യാമ്പും സന്ദർശിച്ചു. തങ്ങളാൽ കഴിയുന്ന സഹായം ചെയ്‌ത ശേഷമേ വയനാട്ടിൽ നിന്ന് തിരികെ നാട്ടിലേക്ക് മടങ്ങുകയുള്ളു എന്നാണ് സജിൻ പറയുന്നത്.
രാത്രിയിൽ പിഞ്ച് കുഞ്ഞുങ്ങളുമായാണ് സജിനും കുടുംബവും ചുരം കയറിയത്. അതിനാൽതന്നെ, കാലാവസ്ഥ മാറിയതിനെ തുടർന്ന് ഇളയ കുഞ്ഞിന് അലർജിയുണ്ടായെന്നും സജിൻ പറഞ്ഞു. സാഹചര്യം ബുദ്ധിമുട്ടിലാണെങ്കിലും ഒരു കുഞ്ഞിനെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുമെന്നും സജിൻ വ്യക്തമാക്കി.