വീട്ടിൽ കിടന്നുറങ്ങിയ വൃദ്ധയെ തെരുവ് നായകൾ കടിച്ചുകൊന്നു; ശരീരഭാഗങ്ങൾ പലയിടത്തായി
ഹൈദരാബാദ്: വീട്ടിൽ കിടന്നുറങ്ങിയ വൃദ്ധയെ തെരുവ് നായകൾ കടിച്ചുകൊന്നു. ആന്ധ്രയിലെ രാജണ്ണ സിർസില്ല ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ച്ചയാണ് എൺപത്തിരണ്ടുകാരിയെ തെരുവ് നായകൾ കടിച്ചുകീറിയത്. കഴിഞ്ഞ കുറേകാലമായി കിടപ്പിലായിരുന്ന വയോധിക കുടിലിൽ ഉറങ്ങിക്കിടന്ന സമയത്താണ് ഒരു കൂട്ടം നായകൾ ആക്രമിച്ചത്.
സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ട വയോധികയുടെ ശരീരഭാഗങ്ങൾ നായകൾ കടിച്ചെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുടിലിന് അടുത്ത് താമസിച്ചിരുന്ന ബന്ധുക്കൾ വ്യാഴാഴ്ച പുലർച്ചയോടെയാണ് വൃദ്ധയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അവരുടെ മകന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, പ്രദേശത്തെ തെരുവ് നായകളുടെ ശല്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ രംഗത്തെത്തിയിട്ടുണ്ട്.