മണ്ണോട് ചേര്‍ന്ന മുണ്ടക്കൈയും ചൂരല്‍മലയും കാണാൻ പോകുന്നവര്‍; എന്താണ് ഡാര്‍ക്ക് ടൂറിസം ?

 മണ്ണോട് ചേര്‍ന്ന മുണ്ടക്കൈയും ചൂരല്‍മലയും കാണാൻ പോകുന്നവര്‍; എന്താണ് ഡാര്‍ക്ക് ടൂറിസം ?

ആരാണിത് സഹിക്കുക, ആര്‍ക്കാണ് താങ്ങാനാകുക, എന്തൊക്കെ ചെയ്താലും എത്രയൊക്കെ ചെയ്താലും ആരും ഒന്നും പഴയപോലെ ആകില്ല. ഓര്‍മ്മിപ്പിക്കുകയാണ് വയനാട്, മഹാദുരന്തത്തിന്റെ വ്യാപ്തി വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് വയനാട്. എന്നാൽ ഇവിടെ മറ്റു ചില കൂട്ടരുടെ കാര്യം എടുത്ത് പറയണം. ‘ഡാർക്ക് ടൂറിസം’ ട്രെൻഡാക്കി ഇവിടേക്ക് ഒഴുകി എത്തുന്ന ആളുകൾ. പലരും തടസമാകുന്നത് അവിടെ രാവന്തിയോളം കഷ്ടപ്പെടുന്ന രക്ഷാപ്രവർത്തകർക്ക് ആണ്.

അതുകൊണ്ടാണ് “ദയവായി കാഴ്ചകൾ കാണാൻ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത് ,അത് രക്ഷാപ്രവർത്തനത്തെ ബാധിക്കും”- എന്ന് പോലീസിന് ആവർത്തിച്ചു പറയേണ്ടി വരുന്നത്. ഡിസാസ്റ്റര്‍ ടൂറിസം വേണ്ട എന്ന് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റര്‍ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിച്ചാല്‍ കര്‍ശന നടപടിയെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും ചില ആളുകൾ കേൾക്കില്ല.

ഡാര്‍ക്ക് ടൂറിസം / ഡിസാസ്റ്റര്‍ ടൂറിസം

ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറംനാടുകളിൽ നിന്ന് ആളുകൾ കാഴ്ച കാണാനായി എത്തുന്നതിനെയാണ് ഡാർക്ക് ടൂറിസം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മരണം, ദുരിതം, ദുരന്തം, അക്രമം, അസുഖകരമായ അസ്വാഭാവിക പ്രവർത്തനങ്ങൾ എന്നിവയുമായൊക്കെ ബന്ധപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രകളും സന്ദർശനങ്ങളും ഡാർക്ക് ടൂറിസത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇലന്തൂർ നരബലി കേസ് വാർത്തയായ സമയത്ത് സംഭവസ്ഥലത്തേക്ക് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ കാഴ്ച കാണാനായി മാത്രം എത്തിയിരുന്നത് ഇതിന് ഉദാഹരണമാണ്. ശ്മശാനങ്ങൾ, ശവകുടീരങ്ങൾ, മോർച്ചറികൾ, ദുരന്തബാധിത പ്രദേശങ്ങൾ, യുദ്ധക്കളങ്ങൾ, സ്മാരകങ്ങൾ, ജയിലുകൾ, വധശിക്ഷ നടപ്പാക്കുന്ന സ്ഥലങ്ങൾ, കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടങ്ങൾ എന്നിവയെല്ലാം ‍ഡാർക്ക് ടൂറിസം സ്പോട്ടുകളിൽ ഉൾപ്പെടുന്നവയാണ്. യുക്രൈയിനിൽ ചെർണോബിൽ ദുരന്തം നടന്ന ഇടം, അമേരിക്കയിൽ 9/11 ആക്രമണം നടന്ന ഇടം എന്നിവയൊക്കെ പ്രധാനപ്പെട്ട ഡാർക്ക് ടൂറിസം സ്പോട്ടുകളാണ്.

ഇത്തരം ഡാർക്ക് ടൂറിസം സ്പോട്ടുകളിലേക്കുള്ള ആളുകളുടെ കുത്തൊഴുക്കിന് പിന്നിലെ മനശാസ്ത്രം പലതാണെന്ന് വിദ​ഗ്ധർ പറയുന്നു. ദുരന്തം നടന്ന സ്ഥലവുമായി ആളുകൾക്കുള്ള വൈകാരിക ബന്ധമാണ് ഒന്ന്. അവിടെ അവർക്ക് പ്രിയപ്പെട്ടവരുണ്ടാകാം, പ്രിയപ്പെട്ട ഓർമ്മകളുണ്ടാകാം. അത്തരം കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവിടേക്കുള്ള യാത്രകളെ നിർവചിക്കാനാവുക. മറ്റൊന്ന് ദുരന്തം നടന്നതിനു പിന്നാലെ ഞാനവിടെയുണ്ടായിരുന്നു എന്ന് സ്വയം രേഖപ്പെടുത്തി ചരിത്രത്തിന്റെ ഭാ​ഗമാകാനുള്ള ശ്രമമാണ്. ദുരന്തം അനുഭവിച്ച ജനതയുടെ വൈകാരികത തങ്ങളിലേക്കും പകർന്നുകിട്ടിയെന്ന് സ്വയം ആശ്വസിച്ച് ആ ദുരന്തത്തിൽ ഭാ​ഗഭാക്കായി എന്ന മിഥ്യാബോധത്തിലേക്ക് എത്താനുള്ള ശ്രമമാണിത്. ഇനി മറ്റൊരു കൂട്ടർ ആ ദുരന്തങ്ങളിൽ ഇല്ലാതായവർക്ക് നേരിട്ട് അന്ത്യാജ്ഞലി അർപ്പിക്കുന്നു എന്ന ബോധത്തോടെ എത്തുന്നവരാണ്. Dark Tourism (Tourism, Leisure & Recreation) എന്ന പുസ്തകത്തിൽ John Lennonഉം Malcolm Foleyയും ഡാർക്ക് ടൂറിസത്തെ നിർവചിക്കുന്നത് മനുഷ്യത്വരഹിതമായ പ്രവർത്തികളുടെ പ്രതിഫലനവും അവയെ സന്ദർശകർ വ്യാഖ്യാനിക്കുന്ന വിധവും എന്നാണ്.

ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് നിരന്തരം വാദിക്കുന്ന നമ്മൾ ഇവിടെയും ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു. ആ ഉത്തരവാദിത്തം മുണ്ടക്കൈ പോലെയുള്ള ദുരന്തബാധിത മേഖലകളിലേക്ക് കടന്നുചെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കരുത് എന്ന് തീരുമാനിക്കാനുള്ള ആർജവമാണ്.

Leave a Reply

Your email address will not be published. Required fields are marked *