ഏഴുമാസം ഗർഭിണിയായിരിക്കെ ഒളിംപിക്സിൽ വാൾപയറ്റ് മത്സരത്തിൽ പൊരുതിക്കയറി; ലോകത്തെ ഞെട്ടിച്ച് നദ ഹഫീസ്
പാരിസ്: ഏഴുമാസം ഗർഭിണിയായിരിക്കെ ഒളിംപിക്സിൽ വാൾപയറ്റ് മത്സരത്തിൽ പ്രീക്വാർട്ടറിൽ പൊരുതിയ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തിങ്കളാഴ്ച നടന്ന ഫെൻസിങ് സാബ്റെ ഇനത്തിൽ പ്രീക്വാർട്ടറിലെത്തിയ ഈജിപ്തിന്റെ നദ ഹഫീസ് താൻ ഏഴുമാസം ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫെൻസിങ്ങിൽ ഒളിംപിക്സ് മെഡലിനായി വാൾമുനയ്ക്ക് മുന്നിൽ നിന്ന താരം ഏഴുമാസം ഗർഭിണിയായിരുന്നു എന്നറിഞ്ഞ ഞെട്ടലിലാണ് കായിക ലോകം.
തിങ്കളാഴ്ച വനിതാ ഫെൻസിങ് സാബ്റെയിൽ 16-ാം റൗണ്ടിൽ എത്തിയതിന് മണിക്കൂറുകൾക്ക് ശേഷം താൻ “ഒരു ചെറിയ ഒളിമ്പ്യനെ വഹിക്കുകയാണെന്ന്” ഹഫീസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ‘ മത്സരവേദിയിൽ എന്നെയും എതിരാളിയെയും മാത്രമാണ് നിങ്ങൾ കണ്ടിട്ടുണ്ടാകുക. പക്ഷേ ശരിക്കും 3 പേരുണ്ടായിരുന്നു. ഇനിയും ഈ ലോകത്തേക്ക് എത്താത്ത എന്റെ കുഞ്ഞും അവിടെ എനിക്കൊപ്പമുണ്ടായിരുന്നു’ – നദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇരുപത്താറുകാരിയുടെ മൂന്നാം ഒളിംപിക്സായിരുന്നു പാരിസിലേത്. ഒളിംപിക്സിൽ നദയുടെ ഏറ്റവും മികച്ച പ്രകടനവും ഇത്തവണയാണ്. ചെറിയ തരം വാൾ ഉപയോഗിച്ച് രണ്ടു പേർ തമ്മിൽ നടത്തുന്ന ഒരു വാൾപ്പയറ്റ് കായിക മത്സരമാണ് ഫെൻസിംഗ്. ആധുനിക ഫെൻസിംഗിനെ അതിൽ ഉപയോഗിക്കുന്ന ആയുധത്തിന്റെ രീതി, വ്യത്യസ്ത നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിട്ടുണ്ട്. ഫോയിൽ, ഇപീ, സബ്രെ എന്നിവയാണവ.
വാൾ പ്രയോഗത്തിലുള്ള വൈദഗ്ദ്ധ്യമാണ് ഈ മത്സരത്തിന്റെ അടിസ്ഥാനം. ഈ ആധുനിക വാൾപ്പയറ്റ് മത്സരം ഉത്ഭവിച്ചത് 19ആ-ാം നൂറ്റാണ്ടിന്റെ അവസാനമാണ്. ക്ലാസിക്കൻ ഫെൻസിംഗിലെ ഹിസ്റ്റോറിക്കൽ യൂറോപ്യൻ ആയോധനകലയിൽ നിന്ന് പരിഷ്കരിച്ചെടുത്ത ഫെൻസിംഗ് പിന്നീട് ഫ്രഞ്ചുകാരാണ് സ്ഫുടം ചെയ്തെടുത്തത്. മിക്ക മത്സരാർത്ഥികളും പ്രത്യോകമായി ഒരു ആയുധം മാത്രമാണ് തിരഞ്ഞെടുക്കുക.