ഉള്ളുലയ്ക്കുന്ന കാഴ്ച; രക്ഷാസംഘം എത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ
മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം തുടരുമ്പോൾ ഓരോ നിമിഷവും ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. രക്ഷാപ്രവർത്തകരും ഡോഗ് സ്‌ക്വാഡും ചേർന്ന് മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തിരച്ചിൽ നടത്തുകയാണ്. പോലീസിന്റെ കഡാവര്‍, സ്‌നിഫര്‍ നായകളെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി എത്തിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ പോലീസ് നായകളെ ഉപയോഗിച്ച് തിരച്ചില്‍ നടക്കുകയാണ്.
എറണാകുളം സിറ്റി പോലീസിന്റെ ഡോഗ് സ്‌ക്വാഡില്‍നിന്നാണ് രണ്ട് കഡാവര്‍ നായകളെ തിരച്ചിലിന് എത്തിച്ചിരിക്കുന്നത്. വയനാട് ജില്ലാ പോലീസിന്റെ സ്‌നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നായകള്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പലയിടത്തും പരിശോധന നടത്തുന്നത്. മേഖലയിലേക്ക് കൂടുതല്‍ കഡാവര്‍, സ്‌നിഫര്‍ നായകളെ എത്തിക്കുമെന്നും വിവരമുണ്ട്.
വടംകെട്ടി കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കാന്‍ ശ്രമം
ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ മുണ്ടക്കൈ മേഖലയിലെങ്ങും കരള്‍പിളര്‍ക്കുന്ന കാഴ്ചകള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷികളായത്. കൂറ്റന്‍ പാറക്കല്ലുകള്‍ക്കിടയിലും ചെളിയിലും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയിലും ഏറെ ദുഷ്‌കരമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
തകര്‍ന്നടിഞ്ഞ ഒരു വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ഭീമന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ച് മൃതദേഹം പുറത്തെടുക്കുക ഏറെ വെല്ലുവിളിയാണ്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റാനുള്ള യന്ത്രങ്ങളുടെ അപര്യാപ്തത കാരണം വടംകെട്ടി സ്ലാബുകള്‍ നീക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. വടംകെട്ടി സ്ലാബുകള്‍ നീക്കാനുള്ള ശ്രമത്തിനിടെ രണ്ടുതവണ വടംപൊട്ടുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ് കട്ടിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ ആവശ്യം. തിരച്ചിലിനിടെ പല ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് ഡി.എന്‍.എ. പരിശോധനയ്ക്ക് സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.