ഇനിയൊരു റിലേഷൻഷിപ്പ് വേണ്ടെന്ന് തോന്നി; അപ്പോഴാണ് തരിണിയെ കാണുന്നതെന്ന് കാളിദാസ്
ഇനി ഒരിക്കലും ഒരു റിലേഷൻഷിപ്പിലേക്കും പോകേണ്ടെന്ന് കരുതിയ ഘട്ടത്തിലാണ് തരിണിയെ കാണുന്നതെന്ന് കാളിദാസ് ജയറാം. അടുത്തിടെയാണ് മോഡലായ തരിണി കലിംഗരയരുമായി കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഇപ്പോഴിതാ തരിണിയെക്കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്.
അവളും അങ്ങനെയാെരു ഘട്ടത്തിലായിരുന്നു. ഒരു ദിവസം ഞങ്ങൾ ചെന്നെെയിൽ പുറത്ത് പോയി. അവളെ കണ്ടു. ഞാൻ റിവേഴ്സ് സൈക്കോളജിയെടുത്തു. അവളോട് സംസാരിച്ചില്ല. എന്ത് കൊണ്ട് സംസാരിക്കുന്നില്ലെന്ന് അവൾക്ക് തോന്നി.
ഡിസംബർ മാസം പകുതിക്കാണ് ഇത് നടക്കുന്നത്. പിന്നീട് ഞാൻ ന്യൂ ഇയർ പാർട്ടി വെച്ചു. അവളെ ക്ഷണിക്കാൻ വേണ്ടിയാണ് ഞാൻ പാർട്ടി നടത്തിയത്. അവൾ വന്നു. ഞങ്ങൾ സംസാരിച്ചു. അങ്ങനെയാണ് അടുപ്പം തുടങ്ങുന്നതെന്നും കാളിദാസ് ജയറാം വ്യക്തമാക്കി. ഞങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ടമുള്ള പ്രധാന കാര്യം ക്രിക്കറ്റാണ്. അവൾ വലിയ ക്രിക്കറ്റ് ആരാധികയാണ്. തരിണി വന്ന ശേഷം തനിക്ക് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും കാളിദാസ് ജയറാം വ്യക്തമാക്കി.
തന്റെ എൻഗേജ്മെന്റ് ദിനത്തിൽ അച്ഛൻ വേദിയിൽ സംസാരിച്ചത് കുടുംബത്തെ വൈകാരികമാക്കി. ജീവിതത്തിലെ ഓരോ ഓർമകളും അദ്ദേഹം പങ്കുവെച്ചു. എൻഗേജ്മെന്റിനേക്കാളും ആ നിമിഷമാണ് താൻ ഓർക്കുന്നതെന്നും കാളിദാസ് ജയറാം വ്യക്തമാക്കി.
അടുത്തിടെയാണ് കാളിദാസിന്റെ സഹോദരി മാളവിക ജയറാമിന്റെ വിവാഹം നടന്നത്. ആഘോഷപൂർവം നടന്ന വിവാഹത്തിന് നിരവധി താരങ്ങളെത്തി. അധികം വൈകാതെ കാളിദാസിന്റെ വിവാഹവുമുണ്ടാകുമെന്നാണ് വിവരം. ചെന്നെെയിലാണ് ജയറാം കുടുംബവും താമസിക്കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നും ഏറെക്കാലം മാറി നിന്ന ജയറാം അടുത്തിടെയാണ് ഒസ്ലർ എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയത്.
മികച്ച വിജയം നേടിയ ചിത്രം ജയറാമിന് ഏറെക്കാലത്തിന് ശേഷം ലഭിക്കുന്ന ഹിറ്റ് മലയാള സിനിമയാണ്. തുടരെ പരാജയ സിനിമകൾ വന്നതോടെയാണ് ജയറാം മലയാള രംഗത്ത് നിന്നും മാറി നിന്നത്. അതേസമയം മറ്റു ഭാഷകളിൽ നടൻ സജീവമായിരുന്നു. പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച വേഷം ജയറാമിന് ലഭിച്ചു.