ഡ്രൈവങ് ലൈസന്‍സ്, ആര്‍.സി. ബുക്ക് അച്ചടി വീണ്ടും മുടങ്ങി; അച്ചടി കമ്പനിയുടെ കുടിശികയ്ക്ക് കത്തയച്ചിട്ട് അനങ്ങാതെ ധനവകുപ്പ്

 ഡ്രൈവങ് ലൈസന്‍സ്, ആര്‍.സി. ബുക്ക് അച്ചടി വീണ്ടും മുടങ്ങി; അച്ചടി കമ്പനിയുടെ കുടിശികയ്ക്ക് കത്തയച്ചിട്ട് അനങ്ങാതെ ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ (ആര്‍.സി.) വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും വീണ്ടും മുടങ്ങി. പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. ലിമിറ്റഡിനാണ് ലൈസൻസും ആർസിയും അച്ചടിക്കുന്നതിനുള്ള കരാർ. ഇവര്‍ക്കുള്ള 10 കോടിയോളം കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് കത്തയച്ചിട്ട് ഒരുമാസം കഴിഞ്ഞു. എന്നാൽ, ഇതുവരെയുമായിട്ടും ധനവകുപ്പിന് അനക്കമില്ല.

ആര്‍.സി. തയ്യാറാക്കാനുള്ള കാര്‍ഡ് എത്തിക്കുന്നത് വ്യാഴാഴ്ചമുതല്‍ കമ്പനി നിര്‍ത്തി. രണ്ടുദിവസമായി ആര്‍.സി. അച്ചടി നിര്‍ത്തിയിട്ട്. ലൈസന്‍സ് പ്രിന്റിങ്ങും ഉടന്‍ നിര്‍ത്തിയേക്കും. 85,000 ലൈസന്‍സും രണ്ടുലക്ഷം ആര്‍.സി.യുമാണ് ഇനി അച്ചടിക്കാനുള്ളത്. ധന-ഗതാഗത വകുപ്പ് തര്‍ക്കത്തില്‍ കഴിഞ്ഞ നവംബറില്‍ ആര്‍.സി., ലൈസന്‍സ് വിതരണം മുടങ്ങിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ടശേഷം കുടിശ്ശിക തീര്‍ക്കാന്‍ എട്ടുകോടി ധനവകുപ്പ് നല്‍കി. എന്നാല്‍ പിന്നീട് സമയബന്ധിതമായി പണം ലഭിച്ചിട്ടില്ലെന്ന് ഐ.ടി.ഐ. അധികൃതര്‍ പറയുന്നു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ബില്ല് മേയിലും ഏപ്രിലിലെ ബില്ല് ജൂണിലുമാണ് നല്‍കിയത്. പിന്നീട് തുകയൊന്നും ലഭിച്ചിട്ടില്ല. വന്‍കിട കമ്പനികള്‍ നോട്ടമിട്ട ലൈസന്‍സ്, ആര്‍.സി. അച്ചടി മോട്ടോര്‍വാഹനവകുപ്പ് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ടി.ഐ.ക്ക് കൈമാറുകയായിരുന്നു. അന്നുമുതല്‍ പദ്ധതിക്കെതിരേ ഗൂഢാലോചനയുണ്ട്.

ട്രഷറിയില്‍ പണമെത്തിയിട്ടും അനക്കമില്ല

ഗില്ലോച്ചെ പ്രിന്റിങ് ഉള്‍പ്പെടെ ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള കാര്‍ഡൊന്നിന് 60 രൂപയും നികുതിയുമാണ് അച്ചടിക്കൂലി. ഒരു കാര്‍ഡിന് 200 രൂപ അപേക്ഷകരില്‍നിന്നും മോട്ടോര്‍വാഹനവകുപ്പ് ഈടാക്കും. ഈ തുക നേരേ ട്രഷറിയിലേക്കു പോവും. ചെലവായ തുക പിന്നീട് മോട്ടോര്‍വാഹനവകുപ്പ് തിരികെ വാങ്ങണം. ഈ ഫയലിലാണ് ഇപ്പോള്‍ കാലതാമസം. ലൈസന്‍സും ആര്‍.സി.യും തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പെറ്റ് ജി കാര്‍ഡ്, മഷി തുടങ്ങിയവ വാങ്ങിയവകയില്‍ വന്‍തുക വിതരണക്കാര്‍ക്ക് നല്‍കാനുണ്ടെന്ന് ഐ.ടി.ഐ. അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *