എഐസിസിക്ക് സ്വന്തമായി ആസ്ഥാനം; സർക്കാർ അനുമതി ലഭിച്ചാൽ ഇന്ദിരാ ഭവന്റെ ഉദ്ഘാടനം വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ നടത്തും

(Story By Sheshmani Shukla)- A View of New Congess office at ITO in New Delhi., 06 October 2021, Photo BY Shaurya Yadav.
ന്യൂഡൽഹി: വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസിന്റെ സ്വന്തം ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നേക്കുമെന്ന് റിപ്പോർട്ട്. കോട്ല മാർഗിലെ 9A യിൽ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി. സർക്കാർ അനുമതി കൂടി ലഭിച്ചാൽ കഴിഞ്ഞ 46 വർഷമായി പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന 24, അക്ബർ റോഡിൽ നിന്നും കോട്ല മാർഗിലെ ഇന്ദിര ഭവനിലേക്ക് കോൺഗ്രസ് ആസ്ഥാനം മാറും.
കേന്ദ്ര സർക്കാർ കൈമാറിയ ഭൂമിയിലാണ് പുതിയ പാർട്ടി ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത്. 2016 ലാണ് കോട്ല മാർഗിലെ എ.ഐ.സി.സി ആസ്ഥാനത്തിന്റെ പണി ആരംഭിച്ചത്. 2019 ൽ കോൺഗ്രസ് പാർട്ടിയുടെ 130-ാം സ്ഥാപക ദിനത്തിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെ പദ്ധതി ഇട്ടിരുന്നത്. എന്നാൽ നിർമ്മാണം പൂർത്തിയാകാത്തതിനാൽ അത് നീണ്ടു പോകുക ആയിരുന്നു.
ഇന്ദിര ഭവൻ എന്നാണ് പാർട്ടി ഓഫീസിന് പേരിട്ടിരിക്കുന്നത്. ആറു നിലകളുള്ള കെട്ടിടത്തിൽ കോൺഗ്രസ് അധ്യക്ഷൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മറ്റ് ഭാരവാഹികൾ എന്നിവർക്ക് പ്രത്യേക മുറികൾ ഉണ്ടായിരിക്കും. പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവിനും, ലോക്സഭയിലെ പ്രതിപക്ഷ നേതാവിനും, പുതിയ ആസ്ഥാന മന്ദിരത്തിൽ പ്രത്യേക മുറികൾ ഉണ്ടായിരിക്കും. ഇതിന് പുറമെ പോഷക സംഘടനകൾക്ക് പ്രത്യേക മുറികളും, കോൺഫറൻസ് ഹാളുകളും ഉണ്ട്.
ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവ ഉണ്ട്. ഇന്ദിര ഭവനിലേക്ക് പ്രവേശിക്കാൻ ദീൻ ദയാൽ ഉപാധ്യായ മാർഗിൽ നിന്നും, കോട്ല മാർഗിൽ നിന്നും ഗേറ്റുകൾ ഉണ്ടായിരിക്കും. പ്രധാന പ്രവേശന കവാടം കോട്ല മാർഗിൽ നിന്നാണ്. വിലാസവും കോട്ല മാർഗിലെ കെട്ടിട നമ്പറിന്റെ അടിസ്ഥാനത്തിൽ ആണ്. ദീൻ ദയാൽ ഉപാധ്യായ മാർഗിൽ ആണ് ബിജെപി ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
നിലവിൽ 24, അക്ബർ റോഡ് ആണ് എ.ഐ.സി.സിയുടെ ആസ്ഥാനം. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978 ൽ കോൺഗ്രസ് പാർട്ടി പിളർന്ന് ഇന്ദിര ഗാന്ധി കോൺഗ്രസ് ഐ രൂപവത്കരിച്ചത് മുതൽ അക്ബർ റോഡിലെ 24-ാം നമ്പർ കെട്ടിടം ആയിരുന്നു പാർട്ടിയുടെ ഔദ്യോഗിക വിലാസം. 1978 ൽ ഇന്ദിരയുടെ വിശ്വസ്തനായിരുന്ന എംപി ജി വെങ്കിട്ടസ്വാമിയുടെ ഔദ്യോഗിക വസതി ആയിരുന്നു 24, അക്ബർ റോഡ്. ഇന്ദിര കോൺഗ്രസിന്റെ ഓഫീസിനായി വെങ്കിട്ടസ്വാമി തന്റെ ഔദ്യോഗിക വസതി വിട്ടു നൽകുകയായിരുന്നു. കഴിഞ്ഞ 46 വർഷമായി പാർട്ടിയുടെ എല്ലാ ഉയർച്ചയ്ക്കും, താഴ്ചയ്ക്കും സാക്ഷിയായിരുന്നു അക്ബർ റോഡിലെ വസതി.
രാജീവ് ഗാന്ധിയുടെ കാലത്ത് സ്വന്തമായി ആസ്ഥാന മന്ദിരം പണിയാൻ കോൺഗ്രസ് നീക്കം നടത്തിയിരുന്നു. പാർലമെന്റിന് സമീപത്തെ ഡോ. രാജേന്ദ്ര പ്രസാദ് റോഡിൽ ജവഹർ ഭവൻ എന്ന പേരിൽ കെട്ടിടം പണിയാൻ ആരംഭിച്ചിരുന്നു. എന്നാൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടതിനുശേഷം ജവഹർ ഭവൻ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ഓഫീസായി മാറുകയായിരുന്നു.