വനം വകുപ്പില്‍ ജോലി നേടാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് (കാറ്റഗറി നം. 206/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഗസറ്റ് തീയതി: 2024 ജൂലൈ 15. അവസാന തീയതി: 2024 ആഗസ്റ്റ് 14. കോഴിക്കോട് ജില്ലയിലെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന പുരുഷന്‍മാരായ പട്ടിക വര്‍ഗക്കാരായ ആദിവാസികള്‍ക്ക് മാത്രമായിട്ടുള്ള പ്രത്യേക നിയമനമാണിത്. വനാതിര്‍ത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യവാന്‍മാരും സാക്ഷരരും ആയ പുരുഷന്മാര്‍ ആയിരിക്കണം. അപേക്ഷയുടെ മാതൃക വിജ്ഞാപനത്തിന്റെ കൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വനാതിര്‍ത്തിയിലോ വനത്തിലോ ഉളള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവരാണെന്ന് തെളിയിക്കുന്ന റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍/ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, വനം വകുപ്പില്‍ വാച്ചറായി സേവനമനുഷ്ഠിക്കുന്നുവെങ്കില്‍ അത് സംബന്ധിച്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം നൽകണം. കൂടുതല്‍ വിവരങ്ങള്‍ ഗസറ്റ് വിജ്ഞാപനത്തില്‍ ലഭ്യമാണ്.