കനത്ത മഴ; മുംബൈയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി

 കനത്ത മഴ; മുംബൈയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഒട്ടേറെ വിമാനങ്ങള്‍ വൈകുകയാണ്. മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങള്‍ വെള്ളത്തിലാണ്. റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.

മുംബൈയിലെ സിയോണ്‍, ചെംബൂര്‍, അന്ധേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നിരവധി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് അന്ധേരി സബ് വേയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കാലാവസ്ഥ വകുപ്പ് നാളെ വരെ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പൂനെ, പിംപ്രി ചിന്ദ്‌വാഡ് മേഖലകൡും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പൂനെയില്‍ വെള്ളത്തില്‍ വൈദ്യുതക്കമ്പി പൊട്ടിവീണതിനെത്തുടര്‍ന്ന് ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. പ്രളയക്കെടുതി രൂക്ഷമായ റെയ്ഗഡ്, പാല്‍ഗര്‍ മേഖലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നിര്‍ദേശം നല്‍കി. കനത്ത മഴയും മോശം കാലാവസ്ഥയും മൂലം വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യാമെന്നും, യാത്രക്കാര്‍ പുറപ്പെടുന്നതിനുമുമ്പ് സ്ഥിതിഗതികള്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *