കാറ്റും മഴയും തിരിച്ചടിയായി; ഹൈക്കിങ്ങിനിടെ 200 അടി താഴ്ചയിലേക്ക് കാൽ വഴുതി വീണു; യുവതിക്ക് ദാരുണാന്ത്യം
കാലിഫോർണിയ: ഹൈക്കിങ്ങിനിടെ 200 അടി താഴ്ചയിലേക്ക് കാൽ വഴുതി വീണ് യുവതി മരിച്ചു. ഗ്രേസ് റോളോഫാണ് (20) മരിച്ചത്. യു.എസിലെ കാലിഫോർണിയയിലുള്ള യോസ്മൈറ്റ് ദേശീയോദ്യാനത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ഹൈക്കിങ്ങിനിടെ കാൽ വഴുതി അഗാധ ഗർത്തത്തിലേക്കാണ് യുവതി പതിച്ചത്.
അരിസോണ സ്റ്റേറ്റ് സർവകലാശാല വിദ്യാർഥിനിയാണ് മരിച്ച ഇരുപതുകാരി. വീഴുന്നതിന് തൊട്ടുമുൻപ് തന്റെ ഷൂസ് തെന്നുന്നതായി ഗ്രേസ്, പിതാവ് ജൊനാഥൻ റോളോഫിനോട് പറഞ്ഞിരുന്നു. ഹൈക്കിങ്ങിനിടെ ശക്തമായ മഴയും കാറ്റും വന്നതാണ് അപകടത്തിന് കാരണമായത്.
ഹൈക്കിങ്ങിൽ ഏറെക്കാലത്തെ മുൻപരിചയമുള്ളവരാണ് ജൊനാതനും മകളും. ‘ഹാഫ് ഡോം’ എന്നറിയപ്പെടുന്ന പാറക്കെട്ടിൽ കയറുന്നതിനിടെ, കൂടെയുണ്ടായിരുന്നവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേസിന്‍റെ കാൽ വഴുതിയത്. ജൊനാതൻ നോക്കിനിൽക്കെയാണ് മകൾ അഗാധ ഗർത്തത്തിലേക്ക് പതിച്ചത്. പിന്നാലെ അടിയന്തര ഹെൽപ് ലൈൻ നമ്പരായ 911ലേക്ക് വിളിച്ച് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. മൂന്ന് മണിക്കൂർ സമയമെടുത്താണ് രക്ഷാപ്രവർത്തകർ, തലക്ക് ഗുരുതര പരിക്കേറ്റ ഗ്രേസിനരികിൽ എത്തിയത്.
പാറക്കെട്ടിന് മുകളിലെത്താൻ കുറഞ്ഞ ദൂരം മാത്രം ശേഷിക്കെയാണ് മകൾ വീണതെന്ന് ജൊനാഥൻ ഓർക്കുന്നു. 2006 മുതൽ ഇവിടെ കാൽവഴുതി വീണ് മരിക്കുന്ന ആറാമത്തെ ആളാണ് ഗ്രേസ്. ഹൈക്കിങ്ങിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ തയാറാവാണമെന്ന് ജൊനാഥൻ അധികൃതരോട് ആവശ്യപ്പെട്ടു.