മെറ്റ എഐയുമായി ഇനി ഹിന്ദിയിലും ചാറ്റ് ചെയ്യാം; പുതുതായി ഏഴു രാജ്യങ്ങളിലെ ജനങ്ങൾക്കും എഐ ചാറ്റ് സേവനം ലഭ്യമാകും

 മെറ്റ എഐയുമായി ഇനി ഹിന്ദിയിലും ചാറ്റ് ചെയ്യാം; പുതുതായി ഏഴു രാജ്യങ്ങളിലെ ജനങ്ങൾക്കും എഐ ചാറ്റ് സേവനം ലഭ്യമാകും

ന്യൂയോർക്ക്: വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം, മെസഞ്ചർ, ഫേസ്ബുക്ക് ഉൾപ്പെടെ വിവിധ പ്ലാറ്റ്ഫോമുകളിലെ മെറ്റ എഐയുമായി ഇനി ഹിന്ദിയിലും ചാറ്റ് ചെയ്യാം. ഏഴ് രാജ്യങ്ങളിലേക്ക് കൂടി എഐ ചാറ്റ് സേവനം വ്യാപിപ്പിച്ചെന്നും മെറ്റ വ്യക്തമാക്കി. അർജന്റിന, ചിലി, കൊളംബിയ, ഇക്വഡോർ, മെക്സിക്കോ, പെറു, കാമറൂൺ എന്നീ രാജ്യങ്ങളിലെ ജനങ്ങൾക്കും ഇനിമുതൽ മെറ്റ എഐയുമായി സംവദിക്കാം.

ഇതോടെ 22 രാജ്യങ്ങളിൽ മെറ്റ എഐയുടെ സേവനം ലഭിക്കും. സേവനം മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനുമായി രണ്ടാഴ്ചകൂടുമ്പോൾ എഐ ചാറ്റ് അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്നാണ് മെറ്റ പറയുന്നത്. യുഎസിൽ എഐ ഉപയോഗിച്ച് സ്വന്തം മുഖസാദൃശ്യമുള്ള എഐ അവതാറുകൾ നിർമ്മിക്കാനാകുന്ന ‘ഇമാജിൻ മി’ എന്ന സേവനവും മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചർ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ കമ്പനി മേധാവി മാർക്ക് സക്കർബർഗ് ഷെയർ ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള ‘എഡിറ്റ് വിത്ത് എഐ’ എന്ന ഫീച്ചറും അടുത്തമാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മെറ്റയുടെ തന്നെ ലാമ എഐ അടിസ്ഥാനമാക്കിയാണ് മെറ്റ എഐ ചാറ്റ്‌ബോട്ട് പ്രവർത്തിക്കുന്നത്. പുതിയ മെറ്റ 405ബി വേർഷന് സങ്കീർണമായ ഗണിത പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നാണ് മെറ്റ പറയുന്നത്. മെറ്റയുടെ വിആർ ഹെഡ്‌സെറ്റായ ക്വസ്റ്റിലെ വോയ്‌സ് കമാന്റിൽ മെറ്റ എഐ ഉൾപ്പെടുത്തുമെന്നും കമ്പനി പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *