‘പൊന്നി’ പൊന്ന് വിളയിക്കും; കുറഞ്ഞ ചിലവിൽ വളർത്താം പ്രതിരോധശേഷി ഏറെയുള്ള വഴുതന
കൃഷി ചെയ്യാൻ റിസ്ക്ക് കുറവും വിളവ് കൂടുതലും തരുന്ന വിളയാണ് ‘പൊന്നി’ ഇനത്തിൽപ്പെട്ട വഴുതന. കേരള കാർഷിക സർവകലാശാല 2015 -ൽ പുറത്തിറക്കിയ വഴുതന ഇനം ഏറെ പ്രതിരോധ ശേഷിയുള്ള ഒന്നാണ്. തുരപ്പൻ പുഴുവിനെതിരെയും ബാക്റ്റീരിയൽ വാട്ടത്തിനെതിരെയും പ്രതിരോധിക്കാനുള്ള ശേഷി പൊന്നി വഴുതനയ്ക്കുണ്ട്. ഗ്രോബാഗുകളിലും അല്ലാത്ത ഇടങ്ങളിലും ഇവ വളർത്താം.
മുമ്പ് കാർഷിക സർവകലാശാല പുറത്തിറക്കിയ സൂര്യ, ശ്വേത, ഹരിത, നീലിമ വഴുതന ഇനങ്ങളെപ്പോലെ ബാക്‌ടീരിയൽ വാട്ട രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണ് പൊന്നിയും. വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനും ഒരുപോലെ കൃഷിചെയ്യാൻ സാധിക്കുന്ന പൊന്നി ഓണാട്ടുകരയും കുട്ടനാടും ഉൾപ്പെടെ കേരളത്തിന്റെ ദക്ഷിണഭാഗങ്ങളിലേക്കാണ് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. കാരണം ഇവയ്ക്ക് വെള്ളക്കെട്ടിനെ ചെറുക്കാൻ ശേഷിയുണ്ട്. ഒപ്പം കായ്, തണ്ട് തുരപ്പൻ പുഴുവിനെതിരെയും പ്രതിരോധശേഷിയുണ്ട്.
ബാക്റ്റീരിയൽ വാട്ടത്തിനെതിരെ പ്രതിരോധ ശേഷിയുള്ള ഈ ഇനം ഹെക്ടറിന് 31.6 ടൺ വിളവ് തരുന്ന ഊർജ്ജസ്വലമായ പടർന്നു വളരുന്ന സസ്യങ്ങൾ ആണ്. 175 സെന്റിമീറ്റർ വരെ ഉയരത്തിൽ ഇവ വളരും. ഇലകൾക്ക് വയലറ്റ് രാശിയിലുളള ഞെട്ടും കടുത്ത ലൈലാക്‌വർണത്തിലുള്ള പൂക്കളും പൊന്നിയുടെ പ്രത്യേകതയാണ്. ഇവയുടെ തണ്ടിലും ഇലകളിലും മുള്ളുകളില്ല. അകത്തേക്ക് വളഞ്ഞ ഇളം പച്ച നീളമുള്ള കായ്കൾക്ക് ശരാശരി 24.40 സെന്റിമീറ്റർ നീളവും 162 ഗ്രാം തൂക്കവുമുണ്ട്.
നീർവാർച്ചയുള്ളതും ഫലഭൂയിഷ്‌ഠവുമായ മണ്ണാണ് വഴുതന കൃഷിക്ക് യോജിച്ചത്. പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം. വ്യത്യസ്‌ത സ്വഭാവമുള്ള മണ്ണുകൾ ആവശ്യത്തിന് ജൈവവളം ചേർത്ത് കൃഷിക്ക് അനുയോജ്യമാം വിധം പാകപ്പെടുത്തിയെടുത്താണ് കൃഷിയിടം ഒരുക്കേണ്ടത്. കടുത്ത ചൂടും തണുപ്പും വഴുതന കൃഷിക്ക് യോജിച്ചതല്ല. നല്ല മഞ്ഞുള്ള പ്രദേശങ്ങളിൽ ഇതിന്റെ കൃഷി ഒഴിവാക്കേണ്ടതാണ്. അന്തരീക്ഷസ്ഥിതി വഴുതനയുടെ വളർച്ചയേയും കായുടെ ഗുണത്തേയും പ്രതികൂലമായി ബാധിക്കും.
ഹരിത, സൂര്യ എന്നീ ഇനങ്ങളെക്കാൾ വിളവിലും ഗുണമേന്മയിലും മികവ് പുലർത്തുന്ന പൊന്നിയുടെ ശരാശരി ആയുസ് 18 മുതൽ 20 വരെ മാസമാണ്. വിളവ് ഹെക്‌ടറിന് 31.6 ഉും. ശാസ്‌ത്രീയ കൃഷിരീതികൾ പിന്തുടർന്ന് അനുകൂല സാഹചര്യങ്ങളിൽ വളർത്തിയാൽ ഹെക്‌ടറിനു 40 ടൺ വരെ വിളവു ലഭിക്കും.
തവാരണകളിൽ വിത്തു പാകി, തൈകൾ ഉൽപാദിപ്പിച്ചു പറിച്ചുനട്ടാണ് വഴുതന കൃഷി ചെയ്യുന്നത്. 375-500 ഗ്രാം വിത്ത് ഒരു ഹെക്ടറിലേക്ക് ആവശ്യമായി വരും. അടുക്കളത്തോട്ടത്തിലേക്ക് ഒരു സെൻ്റിന് 2 ഗ്രാം വിത്ത് മതിയാകും. ഒരാഴ്‌ച കൊണ്ട് വിത്ത് മുളയ്ക്കും. 40-45 ദിവസം പ്രായമാകുമ്പോൾ തൈകൾ പറിച്ചുനടാം. മെയ്- ജൂൺ, സെപ്‌തംബർ – ഒക്‌ടോബർ മാസങ്ങളാണ് വാണിജ്യാടിസ്‌ഥാനത്തിലുള്ള വഴുതന കൃഷിക്ക് യോജ്യമായ സമയം.
വീടുകളിൽ ഗ്രോബാഗുകളിലും മറ്റും വളർത്തുമ്പോൾ വേനൽകാലത്തും കൃഷിചെയ്യാം. വീട്ടിൽ വളർത്തുമ്പോൾ പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്യണം. ചാണകം, ആട്ടിൻ കാഷ്‌ടം, വേപ്പിൻ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം, മണ്ണിര കമ്പോസ്‌റ്റ് തുടങ്ങിയവ വളമായി നൽകാം.
വാണിജ്യാടിസ്ഥാനത്തിലാണ് കൃഷി ചെയ്യാൻ താൽപ്പര്യപ്പെടുന്നതെങ്കിൽ, ആഴത്തിൽ കിളച്ച്, കട്ടകൾ ഉടച്ച്, കളകൾ നീക്കം ചെയ്ത ശേഷം ഒരു ഹെക്ടറിന് 20-25 ടൺ കമ്പോസ്റ്റോ ഉണക്കി പൊടിച്ച ചാണകമോ ചേർത്ത് സ്ഥലം തയ്യാറാക്കണം. 60×60 സെ. മീറ്റർ അകലം നൽകി ചാലുകളിൽ തൈകൾ നടണം. മഴക്കാലമാണെങ്കിൽ ചാലുകൾക്ക് പകരം വരമ്പുകോരി തൈ നടാം.