ബ്രിട്ടനിലെ കാർഷിക മേഖലയ്ക്ക് മലയാളിയുടെ കൈത്താങ്ങ്; ഡ്രോൺ നിർമാണത്തിൽ പെരുമതീർത്ത് ഒരുകൂട്ടം യുവാക്കൾ
കാർഷികമേഖലയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് നേട്ടം കൈവരിച്ചിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ. കാർഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോൺ ആണ് ഇവർ നിർമ്മിച്ചത്. വിളകൾക്ക് മരുന്ന് തളിക്കാനും പ്രചാരണത്തിനും ഡ്രോണുകൾ സഹായിക്കുന്നു. കൃഷിയോടും കാർഷിക മേഖലയും യുവാക്കൾ ഉപേക്ഷിച്ചെന്ന പഴയതലമുറക്കുള്ള മറുപടിയാണ് ഡ്രോൺ.
കാത്തിരിപ്പും ചിട്ടയായ പരിശ്രമവും ഉണ്ടെങ്കിൽ എത്ര വലിയ ലക്ഷ്യവും കൈയെത്തിപ്പിടിക്കാമെന്ന് തെളിയിക്കുകയാണ് ഇവർ. ചേർത്തലക്ക് അടുത്ത പട്ടണക്കാട് ഊടംപറമ്പിൽ പരേതനായ ചന്ദ്രശേഖരൻ-അംബിക ദമ്പതികളുടെ മക്കളായ ദേവനും ദേവികയുമാണ് പുതുതലമുറക്ക് മാതൃകയാകുന്നത്. ഇവരുടെ കരവിരുതിൽ പിറന്ന ഡ്രോണുകൾ കൃഷിയിടങ്ങളിൽ മരുന്ന് തളിക്കാനായി കടൽ കടക്കുകയാണ്. ഇരുവരും ചേർന്ന് തുടക്കമിട്ട ഡ്രോൺ ടെക് സ്റ്റാർട്ടപ്പായ ‘ഫ്യൂസലേജ് ഇന്നവേഷൻസ്’ നിർമിച്ച കാർഷിക ഡ്രോണുകളാണ് കടൽ കടക്കുന്നത്. ബ്രിട്ടനിലെ ഗോതമ്പുപാടങ്ങളിൽ മരുന്ന് തളിക്കാനും കൃഷി പരിചരണത്തിനുമായി ഇനി ഈ മലയാളികളുടെ ഡ്രോണുകൾ മൂളിപ്പറക്കും.