ച്യുയിങ് ഗം മുതൽ മുറിവെണ്ണ വരെ ഉണ്ടാക്കാം; ഈ ഇല കർഷകരുടെ കീശ നിറയ്ക്കും; ഏറ്റവും ആശ്വാസമാവുക തിരൂർകാർക്ക്

 ച്യുയിങ് ഗം മുതൽ മുറിവെണ്ണ വരെ ഉണ്ടാക്കാം; ഈ ഇല കർഷകരുടെ കീശ നിറയ്ക്കും; ഏറ്റവും ആശ്വാസമാവുക തിരൂർകാർക്ക്

മലപ്പുറം: വെറ്റില കർഷകർക്ക് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള അവസരം കൈവരുന്നു. വെറ്റിലയിൽ നിന്ന് ഓയിൽ നിർമ്മിക്കുന്നതിന് എറണാകുളത്തെ ഓയിൽ ലീഫ് എക്സ്ട്രാക്ട് കമ്പനിയുമായി തിരൂർ വെറ്റില ഉത്പാദക സംഘം ചർച്ച നടത്തി. സ്വന്തം നിലയിൽ പ്ലാന്റ് സ്ഥാപിക്കാൻ ഒന്നര കോടി രൂപയെങ്കിലും ചിലവാകുമെന്ന വിലയിരുത്തലിലാണ് ഇലകളിൽ നിന്ന് ഓയിൽ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടത്.

വെറ്റില ഓയിൽ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകാമെന്നു കമ്പനി അറിയിച്ചതായി ഉത്പാദക സംഘം പറഞ്ഞു. തേർഡ് ക്വാളിറ്റി വെറ്റില ഇലകൾ ഉപയോഗിച്ചും ഓയിൽ നിർമ്മിക്കാനാവും. നിലവിൽ ഫസ്റ്റ്, സെക്കന്റ് ക്വാളിറ്റി ഇലകൾ വിപണിയിൽ എത്തിക്കുമ്പോൾ തേർഡ് ക്വാളിറ്റി ഇലകൾ കർഷകർ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

ഒരുമാസം പത്ത് കിന്റലിൽ അധികം തേർഡ് ക്വാളിറ്റി ഇലകൾ ഉണ്ടാവാറുണ്ട്. കൂടിയ തോതിൽ ഓയിൽ വാങ്ങിക്കാനുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വെറ്റില ഉത്പാദക സംഘം. 2020 ആഗസ്റ്റിൽ തിരൂർ വെറ്റിലയ്ക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭൗമസൂചികാ പദവി (ജി.ഐ) ലഭിച്ചെങ്കിലും മൂല്യവർദ്ധിത ഉത്പന്നങ്ങളിലേക്ക് കടക്കാത്തതിനാൽ കർഷകർക്ക് വേണ്ടത്ര പ്രയോജനമില്ല.

ഓയിൽ, മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, മൗത്ത് ഫ്രഷ് ച്യൂവിംഗ് ഗം, മുറിവെണ്ണ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണം മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുണ്ട്. നൂറ് മില്ലി വെറ്റില ഓയിലിന് ഓൺലൈൻ സൈറ്റുകളിൽ 4,000 രൂപ നൽകണം. തീർത്തും ശുദ്ധമായ ഓയിൽ ഈ വിലയ്ക്കും കിട്ടില്ല. വെറ്റില ഓയിൽ കലർന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും വലിയ വിലയാണ്. വെറ്റിലയിൽ ആന്റിമൈക്രോബിയൽ, ആന്റി ഓക്സിഡന്റുകളുടെ വലിയ സാന്നിദ്ധ്യമുണ്ട്.

ഉണർവിൽ വെറ്റില

ഭൗമസൂചികാ പദവിക്ക് പിന്നാലെ കൃഷി വകുപ്പിന്റേയും വെറ്റില ഉത്പാദക സംഘത്തിന്റെയും പരിശ്രമങ്ങൾ തിരൂർ വെറ്റിലയ്ക്ക് ഉണർവേകുന്നുണ്ട്. 27 പഞ്ചായത്തുകളിലായി 2,500 ഓളം കർഷകരുണ്ട്. 220 ഏക്കറിൽ കൃഷിയുണ്ട്. ഇടവിള കൃഷിയാണ് കൂടുതലും.

ഡൽഹിയിലേക്ക് ദിനംപ്രതി 1,000 കെട്ട് വെറ്റില കയറ്റി അയക്കുന്നുണ്ട്. ഒരുകെട്ടിൽ 100 വെറ്റിലായാണ് ഉണ്ടാവുക. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും തിരൂർ വെറ്റിലയ്ക്ക് ആവശ്യക്കാരുണ്ട്.കേരളത്തിൽ വയനാട്, അട്ടപ്പാടി, വടകര, കൊല്ലം എന്നിവിടങ്ങളിലാണ് കൂടുതൽ ആവശ്യക്കാരുള്ളത്. തിരൂർ വെറ്റില ഉത്പാദക സംഘം ഭാരവാഹികൾ ഇതരസംസ്ഥാനങ്ങളിൽ നേരിട്ട് എത്തിയാണ് വിപണി കണ്ടെത്തുന്നത്.

തിരൂർ വെറ്റിലയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സ്വകാര്യ കൺസൽട്ടന്റ് ഏജൻസിക്ക് സർക്കാർ ചുമതല നൽകിയെങ്കിലും വേണ്ടത്ര ഇടപെടലില്ലെന്ന് കർഷകർ ആരോപിക്കുന്നുണ്ട്. കരാർ ജൂലായ് 31ന് തീരും.
നബാർഡിന്റെ സഹായത്തോടെ ലേബർ ബാങ്ക് രൂപീകരണം പുരോഗമിക്കുന്നുണ്ട്. ചെറിയമുണ്ടം, വളവന്നൂർ ഗ്രാമപഞ്ചായത്തുകളിലായി 15 തൊഴിലാളികൾ ഉൾപ്പെടുന്ന സംഘം രൂപീകരിച്ചിട്ടുണ്ട്.

‘വെറ്റിലയിൽ നിന്ന് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പിക്കാനും തിരൂർ വെറ്റിലയുടെ അഭിവൃദ്ധിക്കും ഇതു സഹായകമാവും’.

Leave a Reply

Your email address will not be published. Required fields are marked *