‘റെയിൽവേയുടെ സ്ഥലത്തെ മാലിന്യം നീക്കാന്‍ നോട്ടീസ് നൽകുകയാണ് ചെയ്തത്; നിരവധി തവണ ഓർമിപ്പിച്ചു’; ആമയിഴഞ്ചാൻ തോടിന്റെ പേരിൽ മേയർ – റെയിൽവേ പോര് മുറുകുന്നു

 ‘റെയിൽവേയുടെ സ്ഥലത്തെ മാലിന്യം നീക്കാന്‍ നോട്ടീസ് നൽകുകയാണ് ചെയ്തത്; നിരവധി തവണ ഓർമിപ്പിച്ചു’; ആമയിഴഞ്ചാൻ തോടിന്റെ പേരിൽ മേയർ – റെയിൽവേ പോര് മുറുകുന്നു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനെ ചൊല്ലി റെയിൽവേയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിൽ പോര്. മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം കോര്‍പറേഷന്റേതാണെന്ന ദക്ഷിണ റെയില്‍വേ എഡിആര്‍എമ്മിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തി.

ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ ഭാഗത്തുള്ള മാലിന്യം നീക്കംചെയ്യുന്നതിന് അനുമതി ചോദിച്ച് റെയില്‍വേയ്ക്ക് കത്ത് നല്‍കിയിട്ടില്ലെന്നും മാലിന്യം നീക്കാന്‍ റെയില്‍വേയ്ക്ക് നോട്ടീസ് നല്‍കുകയാണ് ചെയ്തതെന്നും ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് റെയില്‍വേ പ്രോപ്പര്‍ട്ടിയാണെന്നും റെയില്‍വേയാണ് ഇത് ചെയ്യേണ്ടതെന്നും വ്യക്തമാക്കി നോട്ടീസ് നല്‍കുകയും പിന്നീട് നിരവധി തവണ റിമൈന്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നെന്ന് ആര്യ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം വെള്ളക്കെട്ടുണ്ടായപ്പോള്‍ത്തന്നെ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഇത്തരം യോഗങ്ങളില്‍ വകുപ്പ് മന്ത്രിമാരടക്കം പങ്കെടുത്തിരുന്നു. എന്നാല്‍, റെയില്‍വേയില്‍നിന്ന് ഡിആര്‍എമ്മോ എഡിആര്‍എമ്മോ പങ്കെടുത്തിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്.

ഇതിനെ തുടര്‍ന്നാണ് യോഗത്തിലെടുത്ത തീരുമാനമനുസരിച്ച് നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും മാലിന്യം നീക്കാന്‍ റെയില്‍വേയ്ക്ക ഏഴ് ദിവസത്തെ സാവകാശം നല്‍കിക്കൊണ്ട് നോട്ടീസ് നല്‍കുകയും ചെയ്തത്. പിന്നീട് നിരന്തരം ഫോളോഅപ് ചെയ്തതിനെ തുടര്‍ന്നാണ് ടെന്‍ഡര്‍ നടപടിയിലേയ്ക്ക് റെയില്‍വേ പോയതെന്നും മേയര്‍ വ്യക്തമാക്കി.

റെയില്‍വേയില്‍നിന്നുള്ള മാലിന്യമല്ല കനാലിലുള്ളതെന്നും റെയില്‍വേയുടെ മാലിന്യം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നതെന്നും എഡിആര്‍എം വിജി എം.ആര്‍. നേരത്തെ പറഞ്ഞിരുന്നു. മാലിന്യം നീക്കംചെയ്യേണ്ട ഉത്തരവാദിത്വം റെയില്‍വേയ്ക്കില്ലെന്നും അത് കോര്‍പ്പറേഷന്റെ ചുമതലയാണെന്നും വിജി പറഞ്ഞു.

നഗരസഭയുടെ ഭാഗത്തുനിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും തയ്യാറാണ്. 2015ലും 2018-ലും കോര്‍പ്പറേഷന് മാലിന്യ നീക്കത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും, വിജി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *